Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

സെമിയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് പരിശീലകനെ പുറത്താക്കി ക്രൊയേഷ്യ

, 4:50 pm

ലോകകപ്പിനു രണ്ടു ദിവസം മുമ്പ് പരിശീലകനെ പുറത്താക്കി ഞെട്ടിച്ച സ്‌പെയിനിന്റെ പാത പിന്‍തുടര്‍ന്ന് സെമി ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും. ഇംഗ്ലണ്ടുമായുള്ള സെമി ഫൈനല്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ടീമിന്റെ മുന്‍ താരവും സഹപരിശീലകനുമായ ഓഗ്ജന്‍ വുക്‌ഹോവിച്ചിനെയാണ് ക്രൊയേഷ്യ പുറത്താക്കിയത്.

മുപ്പത്തിനാലുകാരനായ വുക്‌ഹോവിച്ച് രാഷ്ട്രീയപരമായ ഇടപെടലുകള്‍ കളിക്കളത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്ന കാരണം കൊണ്ടാണ് താരത്തെ ടൂര്‍ണമെന്റിനിടയില്‍ വെച്ച് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്താക്കിയത്.

റഷ്യക്കെതിരായ മത്സരത്തില്‍ ക്രൊയേഷ്യ വിജയിച്ചതിനു ശേഷം വിജയം റഷ്യയുടെ അയല്‍രാജ്യമായ യുക്രൈനു വേണ്ടി സമര്‍പ്പിക്കുന്നുവെന്ന പരിശീലകന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കു വഴി തെളിയിച്ചത്. യുക്രൈനും റഷ്യയും തമ്മില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ നില നില്‍ക്കെ വുക്‌ഹോവിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയത് കളത്തില്‍ രാഷ്ട്രീയം കൊണ്ടു വരലാണെന്ന കാരണമാണ് താരത്തിനു വിനയായത്. എന്നാല്‍ യുക്രൈന്‍ ക്ലബായ ഡൈനാമോ കീവില്‍ കളിച്ച താരമായ വുക്‌ഹോവിച്ച് ആ ബന്ധം കൊണ്ടാണ് യുക്രൈനു വിജയം സമര്‍പ്പിച്ചതെന്ന വാദം അവര്‍ അംഗീകരിച്ചില്ല.

പരിശീലകനു പുറമേ റഷ്യക്കെതിരെ രണ്ടാമത്തെ ഗോള്‍ നേടിയ പ്രതിരോധ താരം വിഡയും മത്സരശേഷം വിജയം യുക്രൈനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ താരത്തിനു താക്കീതു മാത്രം നല്‍കിയത് ആശ്വാസമായി. ഇല്ലെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ താരം പുറത്തിരിക്കേണ്ടി വന്നേനെ. ഈ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാണ് ക്രൊയേഷ്യ. യുക്രൈന് അനുകൂലമായി താരങ്ങള്‍ സംസാരിച്ചത് ഇന്നത്തെ മത്സരത്തില്‍ റഷ്യന്‍ കാണികളുടെ വികാരം അവര്‍ക്കെതിരെ തിരിയാന്‍ കാരണമാകുന്നത് തീര്‍ച്ചയാണ്.

Advertisement