കോസ്റ്ററീക്കയ്ക്കെതിരേ വന്‍വിജയം നേടിയ സ്പാനിഷ് ടീമിന്റെ മധ്യനിരയിലെ കൗമാരതാരം ഗാവിയുടെ ഒപ്പ് ചോദിച്ച് വാങ്ങി 17-കാരിയായ സ്പാനിഷ് രാജകുമാരി ലിയോനര്‍. ലോകകപ്പിലെ മികച്ച വിജയം നേടിയ സ്പെയിന്‍ ടീമിനെ അഭിനന്ദിക്കാന്‍ ഡ്രസിംഗ് റൂമില്‍ നേരിട്ടെത്തിയ ഫിലിപ്പ് ആറാമന്‍ രാജാവാണ് ഗാവിയില്‍നിന്ന് ജേഴ്‌സി ഒപ്പിട്ടുവാങ്ങിയത്.
മകളുടെ ആവശ്യപ്രകാരമാണ് രാജാവ് ജേഴ്‌സി ഒപ്പിട്ടുവാങ്ങിയതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലിയോനറിന്റെ അളവിലുള്ള ജേഴ്‌സിയിലാണ് ഗാവി ഒപ്പിട്ടതെന്നും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നു. ഇതിന്റെ ചിത്രവും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
കോസ്റ്ററിക്കയ്ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത 7 ഗോളിനായിരുന്നു സ്‌പെയിന്റെ ജയം. മത്സരത്തില്‍ അഞ്ചാം ഗോള്‍ നേടിയത് ഗാവിയാണ്. സ്‌പെയിനിനു വേണ്ടി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരവും ഗോളടിച്ച താരവുമാണ് 18 വയസ്സുകാരനായ ഗാവി.
ക്ലബ് ഫുട്ബോളില്‍ ബാര്‍സിലോനയ്ക്കു വേണ്ടി കളിക്കുന്ന ഗാവി, 2021 നവംബറിലാണു സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി സ്പെയിന്‍ ദേശീയ ടീമിന്റെ ഭാഗമായത്. ദക്ഷിണ വെയ്ല്‍സിലെ യു.ഡബ്ല്യു.സി. അറ്റ്‌ലാന്റിക് കോളേജ് വിദ്യാര്‍ഥിനിയാണ് ലിയോനര്‍.