ദുസാൻ ലഗേറ്റർ ഇൻ, അലക്‌സാണ്ടർ കോയിഫ് ഔട്ട്; കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ വിശേഷങ്ങൾ

കേരളം ബ്ലാസ്റ്റേഴ്‌സ് അവരുടെ മിഡ്‌ഫീൽഡർ അലക്സാണ്ടർ കോയിഫുമായി വഴിപിരിയുന്നു. പുതിയതായി ക്ലബ്ബിലേക്ക് വന്ന ദുസാൻ ലഗേറ്റർക്ക് വേണ്ടിയാണ് കോയിഫിനെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബിലേക്ക് വന്ന കോയിഫ് പതിമൂന്ന് മത്സരങ്ങളിൽ നിന്നും ഒരു ഗോൾ മാത്രമാണ് നേടിയത്. ആങ്കറിങ് മിഡ്ഫീൽഡ് റോളിൽ കളിക്കേണ്ടിയിരുന്ന കോയിഫ് സെന്റർ ബാക്ക് പൊസിഷനിൽ കളിക്കേണ്ടി വന്നതിനാലാണ് ഗോൾ ഔട്പുട്ട് കുറഞ്ഞുപോയത്.

അലക്‌സാണ്ടർ കോയിഫിന്റെ പകരക്കാരനായാണ് ലെഗേറ്റർനെ കാണുന്നത്. ഏറ്റവും ചുരുങ്ങിയത് അങ്ങനെയൊരു പ്രതീക്ഷയിലാണ് അദ്ദേഹത്തെ ക്ലബ്ബിൽ എത്തിച്ചത്. “മിഡ്ഫീൽഡ് കണ്ട്രോൾ ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഞങ്ങളുടെ ടീമിന് മികച്ച മുതൽക്കൂട്ടാകും” ലെഗേറ്റർനെ സൈൻ ചെയ്ത ശേഷം സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് പറഞ്ഞു.

ഈ ട്രാൻസ്ഫ്രർ വിൻഡോയിൽ താരങ്ങളെ വാങ്ങുന്നതിനേക്കാൾ കൂടുതൽ വിൽക്കുന്നതിലാണ് ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധ കാണിച്ചത്. അഞ്ചു വർഷത്തോളമായി ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റർ ബോയ് ആയി തുടരുന്ന മലയാളി താരം കൂടിയായ രാഹുൽ കെപിയും ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒഡീഷ എഫ്‌സിയിലേക്ക് മാറിയിരുന്നു. ഇത് ആരധകരുടെ പ്രതിഷേധം കനപ്പെടുത്തുന്നതിന് ഇടയാക്കിയിട്ടുണ്ട്. മാനേജ്മെന്റിന്റെ നിരുത്തരവാദിത്ത സമീപനം കാരണം മോശം ഫോം തുടരുന്ന ക്ലബ്ബിനെതിരെ പ്രതിഷേധ വഴി സ്വീകരിച്ചിരിക്കുകയാണ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ഇന്ന് നടക്കുന്ന മത്സരത്തിലും പ്രതിഷേധം തുടരുമെന്ന് മഞ്ഞപ്പട അറിയിച്ചിട്ടുണ്ട്.