ഐ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ താരം മെഹ്താബ് സിംഗ് ചിക്കന്‍ ബോക്‌സ് ബാധിച്ചിട്ടും അത് മറച്ച് വെച്ച് കളത്തിലിറങ്ങിയത് വിവാദത്തില്‍. ഈസ്റ്റ് ബംഗാള്‍-എഫ് സി പഞ്ചാബ് മത്സരത്തിലാണ് മെഹ്താബ് സിംഗ് ചിക്കന്‍ ബോക്‌സ് ബാധിച്ചിട്ടും കളിക്കാനിറങ്ങിയത്. മത്സരം ഇരുടീമുകളും ഒരു ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു.
മത്സര ശേഷം ഈസ്റ്റ് ബംഗാളിന്റെ ഈ നീക്കത്തിനെതിരെ ആഞ്ഞടിച്ച് പഞ്ചാബ് എഫ്സി ഉടമ രഞ്ജിത് ബജാജ് രംഗത്തെത്തി.
“നിരുത്തരവാദപരമായ സമീപനമാണ് ഈസ്റ്റ് ബംഗാളിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇരുടീമിലേയും കളിക്കാരേ മാത്രമല്ല, പിച്ചിലേക്ക് കളിക്കാരെ ആനയിക്കുന്ന ആറേഴ് വയസായ കുട്ടികളെ പോലും ബാധിക്കുന്ന കാര്യമാണ് അവിടെ സംഭവിച്ചത്” പഞ്ചാബ് എഫ്സി ഉടമ പറഞ്ഞു.
ചിക്കന്‍പോക്സ് ബാധിച്ച താരത്തെ ഇറക്കി കളിപ്പിച്ചത് ധൈര്യമായി കാണരുത്, മണ്ടത്തരമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായത്. കൊല്‍ക്കത്തയില്‍ നിന്ന് യാത്ര തിരിച്ചത് മുതല്‍ ടീം അംഗങ്ങളുടെ ആരോഗ്യാവസ്ഥയെ ബാധിക്കുന്ന നീക്കമാണ് കളിക്കാരനില്‍ നിന്നുണ്ടായത്. എന്റെ കളിക്കാരിലേക്ക് ചിക്കന്‍പോക്സ് വൈറസ് പടര്‍ന്നിട്ടുണ്ടോ എന്നറിയില്ല. അവരുടെ ആരോഗ്യാവസ്ഥ ഇപ്പോള്‍ മോശമായാല്‍ ഞാന്‍ എന്തു ചെയ്യും?” പഞ്ചാബ് എഫ്സി ഉടമ ചോദിക്കുന്നു.
ചിക്കന്‍ ബോക്‌സ് ബാധിച്ച താരത്തെ കളത്തിറക്കിയ ഈസ്റ്റ് ബംഗാള്‍ നടപടിയ്‌ക്കെതിരെ ആരാധകരും രംഗത്ത് വന്നിട്ടുണ്ട്.