35 ഗോളുകൾ നേടി പ്രീമിയർ ലീഗിൽ ചരിത്രം സൃഷ്ടിച്ച എർലിംഗ് ഹാലൻഡിനെ ആരാധകർ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരുമായി താരതമ്യം ചെയ്തു രംഗത്ത് വന്നിരിക്കുകയാണ്. 38 മത്സരങ്ങളിൽ നിന്നായി സീസണിൽ ഏതൊരു കളിക്കാരനും നേടുന്ന ഏറ്റവും ഉയർന്ന നേട്ടമാണിത്. ഇന്നലെ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ 70-ാം മിനിറ്റിൽ നേടിയ ഗോളിലൂടെയാണ് താരം സ്വപ്ന നേട്ടത്തിൽ എത്തിയത്. ഇത്തിഹാദിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ 3-0ന് വിജയിച്ചു.
മത്സരത്തിലെ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്താനും അതുവഴി ആഴ്‌സണലിന് കൂടുതൽ സമ്മർദ്ദം നൽകാനും സിറ്റിക്കായി. സിറ്റിയുടെ തോൽവിയോ, സമനിലയോ മാത്രമേ ഇനി ആഴ്‌സനലിനെ ഒരു തിരിച്ചുവരവിന് സഹായിക്കുക ഉള്ളു; ഇപ്പോഴത്തെ സാഹചര്യത്തിൽ സിറ്റിയുടെ മിന്നുന്ന ഫോമിൽ അതിന് യാതൊരു സാധ്യതയും ഇല്ല.
എന്നിരുന്നാലും, ഹാലാൻഡിന്റെ നേട്ടം ഇന്നലെ വലിയ ചർച്ചയായി. ഇതുവരെ 45 മത്സരങ്ങളിൽ നിന്നായി 51 ഗോളുകൾ നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ഫുട്ബോളിലെ ആദ്യ സീസണിൽ തന്നെ നോർവീജിയൻ താരം ചരിത്രം സൃഷ്ടിച്ചു. സ്‌ട്രൈക്കറുടെ പ്രകടനത്തിന് ആരാധകർ അദ്ദേഹത്തെ പ്രശംസിച്ചു. അവരിൽ ഒരാൾ ട്വിറ്ററിൽ എഴുതി:
“ഇതിനകം തന്നെ റൊണാൾഡോയുടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികവ് താരം മറികടന്നു.”
മറ്റൊരാൾ കൂട്ടിച്ചേർത്തു:
“അവൻ നെയ്മറിനേക്കാളും മെസ്സിയെക്കാളും മികച്ചവനാണ്.”
Read more
എന്തായാലും ഈ ഫോമിലും മികവിലും ആണെങ്കിൽ പല റെക്കോർഡുകളും താരത്തിന് മുന്നിൽ വഴിമാറുമെന്ന് സാരം.