യൂറോ കപ്പ് 2024: 'കണ്ണുനീര്‍ മടക്കം..'; ജര്‍മ്മനിയെ വീഴ്ത്തി സ്‌പെയിന്‍, ഫ്രാന്‍സിനോട് ഷൂട്ടൗട്ടില്‍ തോറ്റ് പോര്‍ച്ചുഗല്‍

യൂറോയില്‍ ജര്‍മ്മനിയെ വീഴ്ത്തി സ്‌പെയിനും പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് ഫ്രാന്‍സും സെമിയില്‍ കടന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുക്കം അധികസമയത്ത് നേടിയ ഗോളില്‍ ജര്‍മനിയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്പെയിനിന്റെ സെമി പ്രവേശം. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ പുറത്തായത്. ഷൂട്ടൗട്ടില്‍ 5-3 നാണ് ഫ്രാന്‍സിന്റെ ജയം.

അധികസമയത്ത് പകരക്കാരനായെത്തിയ മൈക്കല്‍ മെറിനോയാണ് സ്‌പെയിനിന്റെ വിജയഗോള്‍ നേടിയത്. നേരത്തേ മുഴുവന്‍ സമയം അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി സമനിലയിലായിരുന്നു. സ്പെയിനിനായി 51-ാം മിനിറ്റില്‍ ഡാനി ഒല്‍മോ വലകുലുക്കിയപ്പോള്‍ 89-ാം മിനിറ്റില്‍ ഫ്ളോറിയന്‍ വിര്‍ട്സിവലൂടെ ജര്‍മനി തിരിച്ചടിച്ചു.

അധികസമയത്തും ജര്‍മനി കിടിലന്‍ മുന്നേറ്റങ്ങള്‍ നടത്തി. ഉനായി സിമോണിന്റെ തകര്‍പ്പന്‍ സേവുകളാണ് സ്പെയിനിനെ രക്ഷിച്ചത്.  കിട്ടിയ അവസരങ്ങളില്‍ സ്പെയിനും കത്തിക്കയറി. ഒടുക്കം 119-ാം മിനിറ്റില്‍ മൈക്കല്‍ മെറിനോയിലൂടെ സ്പെയിന്‍ ലക്ഷ്യം കണ്ടു സെമിയും.

പോര്‍ച്ചുഗല്‍-ഫ്രാന്‍സ് മത്സരം ഗോള്‍രഹിതമായാണ് അവസാനിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും മികരച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. പോര്‍ച്ചുഗല്‍ പലകുറി ഗോളിനടുത്തെത്തിയെങ്കിലും തകര്‍പ്പന്‍ സേവുകളുമായി ഗോള്‍കീപ്പര്‍ മൈക്ക് മഗ്‌നാന്‍ ഫ്രഞ്ച് പടയുടെ രക്ഷകനായി.

അധികസമയത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എന്നാല്‍ ഗോള്‍മാത്രം അകന്നുനിന്നു. അതിനിടയില്‍ എംബാപ്പെയെ കളത്തില്‍ നിന്ന് പിന്‍വലിച്ചു. അധികസമയത്തും തുല്യതപാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടില്‍ 5-3 ന് വിജയിച്ച് ഫ്രാന്‍സ് സെമിയിലേക്ക് മുന്നേറി. ജാവോ ഫെലിക്സാണ് കിക്ക് പാഴാക്കിയത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോയുടെ അവസാന യൂറോകപ്പായിരുന്നു ഇത്. സെമിയില്‍ സ്പെയിനാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.

Read more