നെയ്മര്‍ പോയത് നന്നായെന്ന് മെസ്സി

നെയ്മര്‍ ബാഴ്‌സലോണ വിട്ടത് ഗുണം ചെയ്‌തെന്ന് സൂപ്പര്‍ താരം ലയണല്‍ മെസ്സി. സ്പാനിഷ് മാധ്യമമായ മാര്‍സക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസി ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്.

മുന്നേറ്റത്തില്‍ ബാഴ്‌സക്ക് മൂര്‍ച്ച കുറഞ്ഞെങ്കിലും ബാഴ്‌സയുടെ കളിയുടെ ശൈലികളില്‍ നെയ്മര്‍ ഇല്ലാത്തതിനാല്‍ മാറ്റം വരുത്തിയെന്നും അതു ടീമിന്റെ പ്രതിരോധം മെച്ചപ്പെടുത്താന്‍ സഹായിച്ചു എന്നുമാണ് മെസ്സിയുടെ അഭിപ്രായം.

നിലവില്‍ ബാഴ്‌സയുടെ മധ്യനിര മികച്ചതാണെന്നും വളരെ സന്തുലിതമായ കളിയാണു ബാഴ്‌സ കളിക്കുന്നതെന്നും മെസ്സി പറഞ്ഞു. കൂടുതല്‍ ആക്രമണ സ്വഭാവത്തോടെ കളിക്കാത്തതിനാല്‍ ടീമിന്റെ പ്രതിരോധ മികവ് കൂടിയെന്നും അതാണീ സന്തുലിതാവസ്ഥക്കു കാരണമെന്നും മെസി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സമ്മറില്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് കൊണ്ട് റെക്കോര്‍ഡ് തുകയായ 222 മില്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ ബാഴ്‌സ വിട്ടത്. ഇതോടെ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നായ എംഎസ്എന്നിന്റെ അവസാനമായിരുന്നു അത്. അതിനു ശേഷം നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സ റയലിനോട് വമ്പന്‍ തോല്‍വി രുചിക്കുകയും ചെയ്തു.

റയലിനോട് സ്പാനിഷ് സൂപ്പര്‍ കപ്പില്‍ തോറ്റതിനു ശേഷം ബാഴ്‌സ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. പുതിയ കോച്ച് വാല്‍വെര്‍ദേയുടെ കീഴില്‍ വന്‍കുതിപ്പു നടത്തുന്ന ബാഴ്‌സ കഴിഞ്ഞ പതിനെട്ടു മത്സരങ്ങളില്‍ പതിമൂന്നു ക്ലീന്‍ ഷീറ്റുകളോടെ അപരാജിതരായി മുന്നോട്ടു പോവുകയാണ്. ലാലിഗയിലും ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പിലും ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.