എല്ലാ കളിയിലും മികച്ചത്, ജോർജിയക്കെതിരെയുള്ള പ്രീ ക്വാർട്ടർ മത്സരത്തിന് ശേഷം അണ്ടർ റേറ്റഡ് സ്പെയിൻ താരത്തെ വാഴ്ത്തി ആരാധകർ

യൂറോ 2024 പ്രീ ക്വാർട്ടർ മത്സരങ്ങൾ അരങ്ങ് വാഴുമ്പോൾ ലൂയിസ് ഫ്യൂയെന്തെയുടെ സ്പെയിൻ ജോർജിയയെ 4 – 1 തകർത്ത് ക്വാട്ടർ ഫൈനലിലേക്ക് കടന്നു. സ്പെയിനിന്റെ പ്രീ ക്വാർട്ടറിലുള്ള ആധികാരിക വിജയത്തിൽ അവരുടെ മിഡ്‌ഫീൽഡർ ഫാബിയാൻ റൂയിസിന്റെ പ്രകടനത്തെ വാഴ്ത്തി പാടുകയാണ് ആരാധകർ. ജർമനിയിലെ റെയിൻ എനർജി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ശക്തമായ ആധിപത്യം നിലനിർത്തിയാണ് സ്പെയിൻ വിജയിച്ചത്. 18-ാം മിനിറ്റിൽ സ്പാനിഷ് മിഡ്‌ഫീൽഡർ റോബിൻ ലെ നോർമാൻഡിന്റെ ഞെട്ടിക്കുന്ന സെൽഫ് ഗോളിലൂടെ ജോർജിയ മുന്നിട്ട് നിന്നെങ്കിലും 39-ാം മിനുറ്റിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്‌ഫീൽഡർ റോഡ്രി സ്പെയിനിന് വേണ്ടി സമനില ഗോൾ നേടി.

ആദ്യ പകുതി സമനിലയിൽ അവസാനിച്ചതിന് ശേഷം 51-ാം മിനുട്ടിൽ ഫാബിയാൻ റൂയിസ് സ്പെയിനിന് ലീഡ് നേടി കൊടുത്തു. 16കാരനായ ബാഴ്‌സലോണയുടെ ലാ മാസിയ താരം ലാമിൻ യമാൽ ഒരുക്കിയ അവസരത്തിലാണ് റൂയിസ് ഗോൾ നേടിയത്. 75-ാം മിനുറ്റിൽ 21കാരനായ അത്ലറ്റികോ താരം നിക്കോ വില്യംസും 83-ാം ലെയ്‌പ്‌സിഗിന്റെ ഡാനി ഓൾമോയും ഗോളുകൾ നേടി സ്പൈനിന്റെ വിജയത്തിന് അടിവരയിട്ടു. നിക്കോ വില്യംസ് നേടിയ ഗോളിന് വഴിയൊരുക്കിയത് ഫാബിയാൻ റൂയിസാണ്. ജോർജിയക്കെതിരെയുള്ള ഫാബിയാൻ റൂയിസിന്റെ പ്രകടനത്തിൽ അദ്ദേഹത്തിന്റെ സംഭവനയെ അഭനന്ദിക്കുന്ന പോസ്റ്റുകളാണ് സോഷ്യൽ മീഡിയകൾ നിറയെ.

നിലവിൽ യൂറോ കപ്പ് ടൂർണമെന്റിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകളിൽ ഒന്നാണ് സ്പെയിൻ. ഒറ്റ മത്സരം പോലും തോൽവി അറിയാതെയാണ് സ്പെയിൻ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. ഗ്രൂപ്പ് സ്റ്റേജിൽ ഒറ്റ ഗോൾ പോലും കൺസീഡ് ചെയ്യാതെയാണ് സ്പെയിൻ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. xG (expected goals ) വെച്ച് നോക്കുമ്പോൾ രണ്ടാം സ്ഥാനത്തുമാണ്. 2008ൽ യൂറോ ചാംപ്യൻഷിപ് നേടിയ സ്പെയിൻ ടീം ഇതേ രൂപത്തിൽ അൺ ബീറ്റൻ റെക്കോർഡിലാണ് കപ്പ് നേടിയത് എന്നത് ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.

കോച്ച് ലൂയിസ് ഫ്യൂയെന്തെയുടെ ടാക്ടിക്കൽ ട്രാൻസ്ഫോർമേഷനാണ് സ്പെയിനിന്റെ മികച്ച പ്രകടനത്തിൽ നിർണായക പങ്കുവഹിച്ചത് എന്ന് കാണാൻ സാധിക്കും. യുവത്വത്തെ നിരത്തിയ സ്‌ക്വാഡ് വെച്ചാണ് അദ്ദേഹം ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. യൂറോ 2024 ആദ്യമായി ഒരു ഗോൾ വാങ്ങുന്ന മത്സരം കൂടിയാണ് ജോർജിയക്കെതിരെയുള്ള മത്സരം.

ജൂലിയൻ നാഗ്ൽസ്മാന്റെ ശക്തരായ ജർമനിയെയാണ് സ്പെയിനിന് ക്വാർട്ടർ ഫൈനലിൽ നേരിടാനുള്ളത്. ജൂലൈ 5ന് എം എച് പി അറീനയിൽ വെച്ച് നടക്കുന്ന മത്സരം രണ്ട് ടീമുകൾക്കും ഒരുപോലെ നിർണായകമാണ്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമാണ് ജർമ്മനി. നാല് മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകളാണ് ജർമ്മനി നേടിയത്. ജർമനിക്കെതിരെയുള്ള മത്സരങ്ങൾ അത്ര എളുപ്പമാവില്ല എന്നാണ് സ്പെയിൻ താരങ്ങളും കോച്ചും വിലയിരുത്തുന്നത്.