ഇത് അപൂര്‍വ നിമിഷം; മലയാളികളായ ആരാധകര്‍ക്കൊപ്പം അര്‍ജന്റീനന്‍ താരങ്ങള്‍

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീനയ്ക്കും ബ്രസീലിനും അവരുടെ നാട്ടിലുള്ളതിനേക്കാള്‍ ഫുട്‌ബോള്‍ ആരാധകര്‍ നമ്മുടെ കൊച്ചു കേരളത്തിലുണ്ടാകും. ഫുട്‌ബോളിനെ സ്വന്തം മതമായും ഫുട്‌ബോള്‍ താരങ്ങളെ ദൈവമായും ആരാധിക്കുന്ന നിരവധി ആളുകള്‍ നമ്മള്‍ക്കിടയിലുണ്ട്. ഒരിക്കലെങ്കിലും തങ്ങള്‍ ദൈവത്തെപ്പോലെ ആരാധിക്കുന്ന ഫുട്‌ബോള്‍ താരങ്ങളെ ഒരുനോക്കെങ്കിലും കാണാന്‍ കൊതിച്ചിരിക്കുന്നവരാണ് അവരെല്ലാവരും. അത്തരമൊരു സ്വപനം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് അര്‍ജ്ജന്റീന ഫാന്‍സ് കേരള ഫേസ്ബുക്ക് കൂട്ടായിമയിലെ അംഗങ്ങളും ആരാധകരും.

ഫേസ്ബുക്ക് കൂട്ടായ്മയായ അര്‍ജ്ജന്റീന ഫാന്‍സ് കേരള 2 ലക്ഷം ലൈക്ക് നേടിയതിനു തൊട്ട് പിന്നാലെ അര്‍ജ്ജന്റീനിയന്‍ സീനിയര്‍ ടീമിലെ യുവസാന്നിധ്യങ്ങളായ 5 യുവതാരങ്ങളെ നേരിട്ട കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.ദുബായില്‍ പരിശീലനത്തിനെത്തിയ റഷ്യന്‍ ചാമ്പ്യന്മാരായ സെനിറ്റ് സെന്റ് പിറ്റേര്‍സ് ബെര്‍ഗ്ഗില്‍ കളിക്കുന്ന അര്‍ജ്ജന്റീനയുടെ 5 യുവതാരങ്ങളായ പരഡെസ്, റിഗിയോണി, മമ്മാന, ക്രാനവിറ്റര്‍, ഡ്ര്യുസ്സി എന്നിവരെ നേരിട്ടു കാണാനും സൗഹൃദം പങ്കിടാനും കേരളത്തിലെ അര്‍ജ്ജന്റീന ആരാധകരുടെ പേരില്‍ എല്ലാവര്‍ക്കും ഒരു മൊമെന്റൊയും നല്‍കാനും അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍.

കേരളത്തിലെ അര്‍ജ്ജന്റീനിയന്‍ ആവേശം താരങ്ങളെ അറിയിക്കാന്‍ സാധിച്ച സന്തോഷത്തില്‍ ആണു ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍. ദുബായ് അല്‍ ശബാബ് ക്ല്ബ് സ്റ്റാഫ് നൗഷാദ് മുഖേനയാണ് കൂടീകാഴ്ച്ചക്ക് അവസരമൊരുങ്ങിയത്. കേരളത്തിലെ അര്‍ജ്ജന്റീനിയന്‍ ആവേശത്തെ കുറിച്ചും ഫേസ്ബുക്ക് പേജിനെയും കുറിച്ചും അറിഞ്ഞ അര്‍ജന്റീനന്‍ താരങ്ങള്‍ അത്ഭുതപ്പെട്ടു.
പിരിയുന്നതിനു മുന്‍പ് എലാവര്‍ക്കും ഓട്ടോഗ്രാഫും കേരളത്തിലെ അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് ആശംസയും അര്‍പ്പിച്ചാണു താരങ്ങള്‍ മടങ്ങിയത്.