ലിസ്ബണിൽ അഞ്ചടിച്ച് ബാഴ്‌സ; ഇരട്ടഗോൾ നേടി ലെവൻഡോവ്‌സ്‌കിയും റഫീഞ്ഞയും

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗോൾ മഴയുടെ അകമ്പടിയോടെ മികച്ച വിജയവുമായി എഫ്‌സി ബാഴ്‌സലോണ. മത്സരത്തിൽ ബെൻഫിക്കയെ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സ തോൽപ്പിച്ചത്. ബെൻഫിക്കയ്ക്ക് വേണ്ടി വാൻഗലിസ് പാവ്‌ലിഡിസ് ഹാട്രിക് നേടിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. ബാഴ്‌സയ്ക്ക് വേണ്ടി റോബർട്ട് ലെവൻഡോവ്‌സ്‌കിയും റഫീഞ്ഞയും ഇരട്ടഗോളുകൾ നേടി.

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബെൻഫിക്ക ലീഡ് നേടിയിരുന്നു. രണ്ടാം മിനിറ്റിൽ ബാഴ്‌സ ഗോളിയുടെ പിഴവ് മുതലെടുത്ത് വാൻഗലിസ് പാവ്‌ലിഡിസ് ആതിഥേയരെ മുന്നിലെത്തിച്ചു. 13-ാം മിനിറ്റിൽ ബാൾഡയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച റോബർട്ട് ലെവൻഡോവ്‌സ്‌കി ബാഴ്‌സക്ക് വേണ്ടി ഗോൾ സ്കോറിങ്ങ് ആരംഭിച്ചു. 22-ാം മിനിറ്റിൽ പാവ്‌ലിഡിസിലൂടെ ബെൻഫിക്ക വീണ്ടും മുന്നിലെത്തി. 30-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് പാവ്‌ലിഡിസ് തന്റെ ഹാട്രിക്കും ബെൻഫിക്കയുടെ മൂന്നാം ഗോളും കണ്ടെത്തി.

രണ്ടാം പകുതിയിൽ ബാഴ്‌സ തിരിച്ചടിച്ചു. 64-ാം മിനിറ്റിൽ റാഫീഞ്ഞയാണ് ബാഴ്‌സയുടെ രണ്ടാം ഗോൾ കണ്ടെത്തിയത്. എന്നാൽ നാല് മിനിറ്റിനുള്ളിൽ റൊണാൾഡ് അറൗജോയുടെ ഓൺ ഗോൾ ബാഴ്‌സയ്ക്ക് തിരിച്ചടിയായി. ഇതോടെ 4-2ന് പിന്നിലായ ബാഴ്‌സയുടെ ഗംഭീര തിരിച്ചുവരവാണ് പിന്നീട് കാണാനായത്.

78-ാം മിനിറ്റിൽ ലാമിൻ യമാലിനെ വീഴ്ത്തിയതിന് ബാഴ്‌സയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. പെനാൽറ്റി എടുക്കാനെത്തിയ ലെവൻഡോവ്‌സ്‌കിക്ക് പിഴച്ചില്ല, ബാഴ്‌സയുടെ മൂന്നാം ഗോളും പിറന്നു. 86-ാം മിനിറ്റിൽ എറിക് ഗാർസിയയിലൂടെ ബാഴ്‌സ ആവേശ സമനില കണ്ടെത്തി. 96-ാം മിനിറ്റിൽ ആവേശമുയർത്തി റാഫീഞ്ഞ ബാഴ്‌സയുടെ വിജയഗോളും കണ്ടെത്തി.