ലോക കപ്പില്‍ സെമിഫൈനല്‍ വരെ എത്തി; മൊറോക്കോയ്ക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി ഫിഫ

അടുത്തവര്‍ഷം നടക്കുന്ന ഫിഫ ക്ലബ് ഫുട്‌ബോള്‍ വേള്‍ഡ് കപ്പിന്റെ വേദി പ്രഖ്യാപിച്ച് ഫിഫ. ഖത്തര്‍ ലോക കപ്പില്‍ സെമിഫൈനലില്‍ വരെ എത്തിയ മൊറോക്കോയാവും ക്ലബ് ഫുട്‌ബോള്‍ വേള്‍ഡ് കപ്പിന് വേദിയാവുക. ഫെബ്രുവരി ഒന്നുമുതല്‍ 11 വരെയാണ് മല്‍സരങ്ങള്‍.

യുഎസ്എയില്‍ നിന്നുള്ള സിയാറ്റില്‍ സൗണ്ടേഴ്‌സ്, സ്‌പെയിനില്‍ നിന്നുള്ള റയല്‍ മാഡ്രിഡ്, ആഫ്രിക്കയില്‍ നിന്നുള്ള മൊറോക്കോയുടെ വൈഡാഡ്, ന്യൂസിലന്‍ഡില്‍ നിന്നുള്ള ഓക്ള്‍ലാന്‍ഡ് സിറ്റി എന്നീ ടീമുകള്‍ ഇത്തവണ മല്‍സരിക്കും.

കസബ്ലാന്‍ക നഗരത്തിലാകും മല്‍സരങ്ങള്‍ സംഘടിപ്പിക്കുക. 67,000 പേരെ ഉള്‍ക്കൊള്ളാവുന്ന മുഹമ്മദ് സ്റ്റേഡിയമാകും പ്രധാനവേദി. ചെല്‍സിയാണ് നിലവിലെ ചാംപ്യന്‍. 4 തവണ ചാംപ്യന്‍മാരായ റയല്‍ മഡ്രിഡാണ് ക്ലബ് ഫുട്‌ബോളില്‍ രാജാവ്.

ഏഴ് ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പിന്റെ അവസാന എഡിഷനാകും ഇക്കുറി മൊറോക്കയില്‍ നടത്തുന്നത്. വടക്കേ അമേരിക്ക, ഏഷ്യ, ഓഷ്യാനിയ, ആഫ്രിക്ക എന്നിവിടങ്ങളിലെ ചാംപ്യന്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും. വിജയികള്‍ യൂറോപ്പിലേയും തെക്കേ അമേരിക്കയിലേയും ചാംപ്യന്‍മാരുമായി സെമിയില്‍ മാറ്റുരയ്ക്കും. ശേഷം ഫൈനല്‍ എന്നിങ്ങനെയുള്ള രീതിയാണ് ഇതുവരെ സ്വീകരിച്ചിരുന്നത്. 2025 മുതല്‍ ലോകകപ്പ് ഫോര്‍മാറ്റിലാവും ക്ലബ് വേള്‍ഡ് കപ്പ് നടക്കുക.