ഓരോ രാജ്യത്തെയും ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിന് ഇതിഹാസതാരം പെലെയുടെ പേരിടണമെന്ന് നിര്‍ദേശം മുന്നോട്ടുവെച്ച് അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ. പെലെയുടെ സംസ്‌കാരച്ചടങ്ങിനായി സാന്റോസിലെത്തിയ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യമറിയിച്ചത്.
ഇതിഹാസ താരത്തോടുള്ള ആദരസൂചകമായാണ് ഫിഫയുടെ ഈ നിര്‍ദേശം. 82 കാരനായ പെലെ കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്തരിച്ചത്. .അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
മൂന്നു ലോകകപ്പുകള്‍ നേടിയ ടീമില്‍ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകള്‍ നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു പെലെ. കളിച്ചിരുന്ന കാലത്ത് ഏറ്റവും പ്രതിഫലം ലഭിച്ചിരുന്ന കായികതാരമായിരുന്നു പെലെ.
ഇരുകാലുകള്‍ കൊണ്ടും ഗോള്‍ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി. 1367 മത്സരങ്ങളില്‍ നിന്ന് 1297 ഗോളുകള്‍ നേടിയ താരാണ് അദ്ദേഹം. ബ്രസീല്‍ ജഴ്‌സിയില്‍ 77 ഗോളുകള്‍ നേടി. രാജ്യാന്തര ഒളിംപിക് കമ്മിറ്റി നൂറ്റാണ്ടിന്റെ കായിക താരമായും അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.