ഫുട്ബോള്‍ ലോകകപ്പ് ഏഷ്യന്‍ മേഖല യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ കുവൈറ്റിനെ പരാജയപ്പെടുത്തി. 75ാം മിനിറ്റില്‍ മന്‍വീര്‍ സിംഗ് ആണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത്.
ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ 75ാം മിനിറ്റില്‍ ചാങ്തെയുടെ മനോഹരമായ ക്രോസ് പാസില്‍ നിന്ന് ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് മന്‍വീര്‍ സിംഗിന്റെ ഇടത് കാല്‍ ഷോട്ടാണ് ലക്ഷ്യം കണ്ടത്.
ഖത്തര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ കൂടിയുള്ള ഗ്രൂപ്പ് എയിലാണ് ഇന്ത്യയും കുവൈറ്റും. ആകെ ഒമ്പത് ഗ്രൂപ്പുകളാണ് ഉള്ളത്. ഇതില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ അടുത്ത റൗണ്ടില്‍ കടക്കും. ഗ്രൂപ്പ് എയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ 2027ല്‍ സൗദിയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും സ്ഥാനക്കാര്‍ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലും പ്രവേശിക്കും. 21ന് ഖത്തറുമായാണ് ഇന്ത്യക്ക് അടുത്ത മത്സരം.