'ഇന്ത്യന്‍ ടീമിനൊപ്പമുള്ള ദൗത്യം അവധിക്കാല പരിപാടി പോലെ'; പരിശീലകന്‍ സ്റ്റിമാച്ചിനെതിരെ തുറന്നടിച്ച് മുന്‍ നായകന്‍

ഇന്ത്യന്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിനെതിരെ വിമര്‍ശനവുമായി ദേശീയ ടീം മുന്‍ നായകന്‍ ദേബ്ജിത് ഘോഷ്. ഇന്ത്യന്‍ ടീമിനൊപ്പമുള്ള ദൗത്യം അവധിക്കാല പരിപാടി പോലെയാണ് സ്റ്റിമാച്ച് കാണുന്നതെന്ന് ഘോഷ് വിമര്‍ശിച്ചു. ഈ മാസം നടക്കാനിരിക്കുന്ന രണ്ട് സൗഹൃദമത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുന്‍ നായകന്റെ വിമര്‍ശനം.

സ്റ്റിമാച്ച് ഇപ്പോള്‍ ആളുകള്‍ക്ക് ചിരിക്കാനുള്ള വക നല്‍കികൊണ്ടിരിക്കുകയാണ്. ഈ സീസണില്‍ ഏറ്റവും ഫോമിലുള്ള രണ്ട് കളിക്കാരെ(വിശാല്‍ കൈത്ത്, പ്രീതം കോട്ടാല്‍) ദേശീയ ടീം സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത് തികച്ചും ഞെട്ടിക്കുന്നതാണ്.

എനിക്കാരോടും പ്രത്യേകിച്ച് വിരോധമൊന്നുമില്ല. പക്ഷെ ഈ സ്‌ക്വാഡ് ദേശീയ ടീമിന്റെയാണോ അതോ ബെംഗളുരു എഫ്‌സിയുടേതാണോ എന്ന് എനിക്ക് ആശയക്കുഴപ്പമുണ്ട്, ഇന്ത്യന്‍ ടീമിനൊപ്പമുള്ള ദൗത്യം അവധിക്കാല പരിപാടി പോലെയാണ് സ്റ്റാമാച്ച് കാണുന്നത്, ഘോഷ് ട്വീറ്റ് ചെയ്തു.

ഏഴ് ബെംഗളുരു താരങ്ങളാണ് സൗഹൃദമത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചിരിക്കുന്നത്. മ്യാന്‍മാര്‍, കിര്‍ഗിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരെയാണ് ഈ മാസം അവസാനം ഇന്ത്യ സൗഹൃദമത്സരങ്ങള്‍ കളിക്കുന്നത്.

Read more

23 പേര്‍ അടങ്ങുന്ന പ്രധാന ടീമിനെയും 11 പേര്‍ അടങ്ങുന്ന ഒരു റിസര്‍വ് നിരയെയുമാണ് പ്രഖ്യാപിച്ചത്. ടീമിലെ അഞ്ച് പേര്‍ പുതുമുഖങ്ങളാണ്. പ്രധാന ടീമില്‍ മലയാളികള്‍ ആരും തന്നെയില്ല. റിസര്‍വ് നിരയില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി താരം സഹല്‍ അബ്ദുല്‍ സമദ് ഇടം നേടിയിട്ടുണ്ട്.