ഓപ്പൺ പ്ലേയിൽ ഒരു ഗോൾ പോലും നേടാനാവാതെ ഫ്രാൻസ് ക്വാർട്ടറിൽ; പന്ത്രണ്ട് വർഷത്തിനിടെ ഇതാദ്യം

യൂറോ 24ൽ ഇന്നലെ ബെൽജിയത്തിനെതിരെയുള്ള മത്സരം ജയിച്ചു ഫ്രാൻസ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഈ ടൂർണമെന്റിൽ ഓപ്പൺ പ്ലേയിൽ ഒറ്റ ഗോൾ പോലും നേടാതെയാണ് ഫ്രാൻസ് അവസാന എട്ടിൽ ഇടം ഉറപ്പിച്ചത്. ഗ്രൂപ്പ് സ്റ്റേജ് അടക്കമുള്ള നാല് മത്സരങ്ങളിൽ നിന്ന് ഒരു പെനാൽറ്റിയും രണ്ട് സെല്ഫ് ഗോളുകളും നേടിയാണ് ഫ്രാൻസ് ക്വാർട്ടറിൽ പ്രവേശിച്ചത്. യൂറോ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ഓപ്പൺ പ്ലേയിൽ ഗോൾ ഒന്നും നേടാതെ നോക്ക് ഔട്ട് റൗണ്ടിൽ എത്തുന്നത്.

പകരക്കാരനായി എത്തിയ റാൻഡാൽ കുളോ മുവാനിയുടെ ഷോട്ട് ജാൻ വെർട്ടോങ്ങന്റെ കാലിൽ തട്ടി ഡിഫ്‌ളെക്‌ട് ആയാണ് ഗോൾ പോസ്റ്റിൽ എത്തിയത്. റൗണ്ട് ഓഫ് 16ൽ വിജയിച്ച ഫ്രാൻസ് സ്ലോവേനിയയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ വരെ കൊണ്ടെത്തിച്ചു ജയിച്ച പോർചുഗലിനെയാണ് നേരിടേണ്ടത്. റെഗുലർ ടൈമും അനുവദിച്ച എക്സ്ട്രാ ടൈമിലും ഗോൾ നേടാനാവാത്ത സന്ദർഭത്തിലാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് പോവുകയും പോർച്ചുഗൽ ഗോൾ കീപ്പർ ഡിയാഗോ കോസ്റ്റയുടെ തുടർച്ചയായ മൂന്ന് പെനാൽറ്റി സേവിന്റെ ബലത്തിൽ പോർച്ചുഗൽ അടുത്ത റൗണ്ടിലേക്ക് പോവുന്നത്.

പന്ത്രണ്ട് വർഷത്തിൽ ആദ്യമായാണ് ഫ്രാൻസ് ഒരു പ്രധാന ടൂർണമെന്റിൽ ഗ്രൂപ്പ് സ്റ്റേജിൽ ഒന്നാമത്തല്ലാതെ ഫിനിഷ് ചെയ്യുന്നത്. ഒരിക്കൽ കൂടെ സെൽഫ് ഗോളിന്റെ സഹായത്തിലാണ് ഫ്രാൻസിന് വിജയം കണ്ടെത്താനായത്. ലോകകപ്പ് ജേതാക്കളായ ദെഷാംപ്‌സിന്റെ കീഴിലുള്ള ഫ്രാൻസ് ടീമല്ല ഇതെന്ന് നിസംശയം പറയാം. ദെഷാംപ്‌സിന്റെ കീഴിൽ കാഴ്ചക്കാരെ ആനന്ദിപ്പിക്കുന്നതും കണ്ണിന് ഇമ്പമുള്ളതുമായ ഫുട്ബോൾ കളിച്ചിരുന്ന ടീമാണ് ഫ്രാൻസ്. ഇപ്പോഴും ഒരു ടൂർണമെന്റ് ജയിക്കാനുള്ള കരുത്തുള്ള കളിക്കാരും തന്ത്രങ്ങളുമുള്ള ടീമാണ് ഫ്രാൻസ്. അങ്ങനെയാണ് എട്ട് വർഷത്തിനിടെ രണ്ട് വേൾഡ് കപ്പ് ഫൈനലിലും ഒരു യൂറോപ്പ്യൻ ചാംപ്യൻഷിപ് ഫൈനലിലും എത്തിയത്.

നിലവിൽ യൂറോ കപ്പ് 2024ന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത് സ്പെയിൻ, ജർമ്മനി, പോർച്ചുഗൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ്. അതിൽ സ്പെയിൻ ജർമനിയെയും ഫ്രാൻസ് പോർചുഗലിനെയും നേരിടും. കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ആയിരുന്ന ഇറ്റലി സ്വിറ്റസർലാൻഡിനോട് തോറ്റ് പുറത്തായിരുന്നു.