ബാഴ്സലോണയുടെ സാവിയുടെ കീഴിൽ ഉള്ള അപരാജിത കുതിപ്പിന് ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട് അന്ത്യം കുറിച്ചു. യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ക്യാമ്പ്നുവിൽ വെച്ച് ബാഴ്സലോണയെ നേരിട്ട ഫ്രാങ്ക്ഫർട് രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് ഇന്ന് സ്വന്തമാക്കിയത്. അഗ്രിഗേറ്റ് സ്കോറിൽ 4-3ന്റെ വിജയവും. ആദ്യ പാദത്തിൽ ജർമ്മനിയിൽ 1-1ന്റെ സമനില ആയിരുന്നു ഫലം. തുടർച്ചയായ വിജയത്തിന്റെ സന്തോഷത്തിൽ സ്വന്തം മൈതാനത്ത് ഇറങ്ങിയ സാവിയുടെ കുട്ടികൾക്ക് പിഴച്ചു.
കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ ബാഴ്സക്ക് പിഴച്ചു. തുടക്കത്തിലെ കിട്ടിയ പെനാൾട്ടി കോസ്റ്റിച് വലയിലേക്ക് എത്തിച്ച് ഫ്രാങ്ക്ഫർടിന് ലീഡ് നൽകി. ഈ ലീഡ് ജർമ്മൻ ടീമിന് ആത്മവിശ്വാസം നൽകി. 36ആം മിനുട്ടിൽ ഈ ആത്മവിശ്വാസം ബോറയുടെ ലോങ് റേഞ്ചർ കൂടി ഗോൾ ആയതോടെ ഇരട്ടിയായി.
Read more
രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഒരുപാട് മാറ്റങ്ങളമായി ഇറങ്ങിയ ബാഴ്സക്ക് രക്ഷ ഉണ്ടായിരുന്നില്ല. 67ആം മിനുട്ടിൽ ജർമൻ ക്ലബ് അടുത്ത വെടി പൊട്ടിച്ചതോടെ ബാഴ്സ തകർന്നു.അവസാനം ബുസ്കെറ്റ്സും ഡിപേയും ഇഞ്ച്വറി ടൈമിൽ ബാഴ്സക്കായി ഗോൾ മടക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല വലിയ ലക്ഷ്യം മറികടക്കാൻ .