ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോള ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകള്‍. മസിമിലിയാനോ അല്ലെഗ്രി ഈ സീസണോടെ യുവന്റസ് വിടുമെന്ന സൂചനകള്‍ക്കിടെയാണ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കുന്ന കൂടുമാറ്റത്തിന് സാധ്യതയൊരുങ്ങിയത്. 2021 വരെ മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറുള്ള ഗാര്‍ഡിയോള ഈ സീസണിനൊടുവില്‍ ഓള്‍ഡ് ലേഡിയെ പരിശീലിപ്പിക്കാന്‍ എത്തുമെന്നാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റയല്‍ മാഡ്രിഡില്‍ നിന്ന് സൂപ്പര്‍ താരം റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറുമെന്ന ആദ്യം വെളിപ്പെടുത്തിയ ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ലുഗി ഗുവെല്‍പയാണ് ഗാര്‍ഡിയോള യുവന്റസിലെത്തുമന്ന് സൂചന നല്‍കുന്നത്. ഇറ്റാലിയന്‍ സിരി എ ചാമ്പ്യന്‍മാരുമായി നാല് വര്‍ഷത്തേക്ക് കരാര്‍ ഒപ്പു വെയ്ക്കാമെന്ന് ഗാര്‍ഡിയോള വാക്കാല്‍ ഉറപ്പ് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ലുഗി പറയുന്നു.
അഞ്ച് വര്‍ഷത്തെ കരാറിനൊടുവിലാണ് അല്ലെഗ്രി യുവന്റസ് വിടുന്നത്. ഈ ഒഴിവിലേക്ക് ക്ലബ്ബ് ഏറ്റവും അനുയോജ്യനായി കാണുന്നത് ഗാര്‍ഡിയോളയെയാണ്. നേരത്തെ ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്ക് എന്നീ ക്ലബ്ബുകളെ പരിശീലിപ്പിച്ച് കോച്ചിംഗ് മേഖലയില്‍ തന്റേതായ ഫിലോസഫി പയറ്റുന്ന ഗാര്‍ഡിയോള പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ സിറ്റിയെ ചാമ്പ്യന്മാരാക്കി ക്ലബ്ബിനോട് വിടപറയാനാകും ഒരുങ്ങുന്നത്.
ലയണല്‍ മെസിയെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി കാണുന്ന ഗാര്‍ഡിയോള മെസിയുടെ ഏറ്റവും വലിയ മൈതാന വൈരി റൊണാള്‍ഡോയെ പരിശീലിപ്പിക്കുന്നതില്‍ ആരാധകര്‍രും ആകാംക്ഷയിലാണ്.
അതേസമയം, ടീമുമായുള്ള കരാര്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്ന രീതിയിലുള്ള പരിശീലകനല്ല ഗാര്‍ഡിയോള എന്നും മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയും യുവന്റസിലേക്കുള്ള കൂടുമാറ്റം അഭ്യൂഹം മാത്രമാണെന്നും സൂചനകളുണ്ട്. റൊണാള്‍ഡോയെ ടീമിലെത്തിച്ചതിലൂടെ വമ്പന്‍ തുക മുടക്കിയ യുവെ ഗാര്‍ഡിയോളയെ ടീമിലെത്തിക്കാനൊരുങ്ങുമ്പോള്‍ പണപ്പെട്ടിക്ക് കനം മതിയാകാതെ വരുമെന്നും ചിലര്‍ നിരീക്ഷിക്കുന്നത്.
അതേസമയം, യുവന്റസില്‍ നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഭൂരിഭാഗവും പെപ്പിന്റെ ഫിലോസഫിക്ക് അനുസരിച്ചുള്ള കളിക്കാരുമല്ല. എന്നാല്‍, ട്രാന്‍സ്ഫര്‍ വിപണിയില്‍ മികച്ച ഇടപെടലുകള്‍ നടത്തി താരങ്ങളെ കണ്ടെത്തുന്നതില്‍ ഗാര്‍ഡിയോള മിടുക്ക് തെളിയിച്ചിട്ടുള്ളതാണ്. എന്തായാലും വരുംദിനങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.