നാലുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഏഷ്യന്‍ റാങ്കിംഗില്‍ ആദ്യ പത്തില്‍ എത്തിക്കാന്‍ തനിക്ക് കഴിയുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ച് ഇഗോര്‍ സ്റ്റിമാക്ക്. ടീമുമായുള്ള കരാര്‍ പുതുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചുകൊണ്ടാണ് സ്റ്റിമാക്ക് ഇക്കാര്യം പറഞ്ഞത്. ഈവര്‍ഷത്തെ ഏഷ്യന്‍ കപ്പ് വരെയാണ് സ്റ്റിമാക്കിന് ഇന്ത്യന്‍ ടീമുമായി കരാറുള്ളത്.
കരാര്‍ പുതുക്കിയാല്‍ നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഏഷ്യയിലെ ഏറ്റവും മികച്ച പത്ത് ടീമുകളിലൊന്നാക്കാം. ലോക റാങ്കിംഗില്‍ ആദ്യ 80ലും ഇന്ത്യയെത്തും. ഇതിനായുള്ള എന്റെ പ്രോജക്ടിനെ വിശ്വസിക്കണം- സ്റ്റിമാക്ക് പറഞ്ഞു.
ഇന്ത്യന്‍ ഫുട്ബോള്‍ സമീപകാലത്ത് ഏറ്റവും മികച്ച പ്രകടനം നടത്തിയ വര്‍ഷമാണിത്. പങ്കെടുത്ത മൂന്ന് ടൂര്‍ണമെന്റിലും കിരീടം സ്വന്തമാക്കി. തോല്‍വി അറിയാതെയാണ് സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും കുതിപ്പ്. ഇതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഫിഫ റാങ്കിംഗില്‍ ആദ്യ നൂറിനുള്ളില്‍ എത്തുകയും ചെയ്തു.
Read more
സ്റ്റിമാക്കിന് കീഴില്‍ ഇന്ത്യ ആകെ 41 മത്സരങ്ങള്‍ കളിച്ചു. ഇതില്‍ 11 ജയവും 12 സമനിലയും 18 തോല്‍വിയും വഴങ്ങി. അതേസമയം അവസാനം കളിച്ച 11 കളിയില്‍ ഇന്ത്യ തോറ്റിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഒന്‍പതിലും ജയിച്ച ഇന്ത്യ മൂന്ന് കിരീടം സ്വന്തമാക്കുകയും ചെയ്തു.