Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

തോല്‍വിയും തെറി വിളിയുമില്ല, കളി കാണാനെത്തിയവരെ നിരാശരാക്കിയുമില്ല: അസല്‍ കളിയിലൂടെ ചാമ്പ്യന്‍മാരെ തോല്‍പ്പിച്ച് ഗോകുലത്തിന്റെ കുതിപ്പ്

, 9:37 am

ഐലീഗില്‍ മിനര്‍വ പഞ്ചാബിനെ തോല്‍പ്പിച്ച് ഗോകുലം എഫ്‌സി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വയെ സ്വന്തം മൈതാനത്ത് ഒരു ഗോളിനാണ് ഗോകുലം തോല്‍പ്പിച്ചത്. 60ാം മിനുട്ടില്‍ എസ് രാജേഷാണ് ഗോകുലത്തിനായി ഗോള്‍ കണ്ടെത്തിയത്.

ഗോകുലത്തിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. 5 കളിയില്‍ നിന്ന് 8 പോയിന്റുമായാണ് പട്ടികയില്‍ ഗോകുലം രണ്ടാമതെത്തിയത്. ഗോകുലത്തിന്റെ അടുത്ത കളി 30നു ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെ. വിജയഗോള്‍ നേടിയ രാജേഷാണു കളിയിലെ കേമന്‍.

ജനറേറ്റര്‍ തകരാറു മൂലം ഫ്‌ളഡ് ലൈറ്റുകളിലൊന്ന് അണഞ്ഞതിനാല്‍ ആദ്യപകുതിയില്‍ 20 മിനിറ്റ് കളി തടസ്സപ്പെട്ടു. കളിയില്‍ ആവേശം മൂത്തു വരുമ്പോഴായിരുന്നു നിറം കെടുത്തി വെളിച്ചം നിലച്ചത്. ആദ്യപകുതിയില്‍ മിനര്‍വയുടെ ആധിപത്യമായിരുന്നു. നൈജീരിയന്‍ താരം ഡൊണാറ്റസ് എഡാഫേ മുന്‍നിരയില്‍ കുതിച്ചുപാഞ്ഞപ്പോള്‍ ഗോകുലത്തിന്റെ പ്രതിരോധനിരയില്‍ ഡാനിയല്‍ അഡോയും ഫാബ്രിഷ്യോ ഒര്‍ട്ടിസും കെ.ദീപകും വിയര്‍ത്തു.

രണ്ടാം പകുതിയില്‍ ഗോകുലത്തിന്റെ ബ്രസീല്‍ താരം ഗില്ലെര്‍മോ കാസ്‌ട്രോയാണു ഗോളിലേക്കു വഴി തുറന്ന നീക്കത്തിനു തുടക്കമിട്ടത്. ബോക്‌സ് ലക്ഷ്യമാക്കി പന്തുമായി ഓടിക്കയറിയ കാസ്‌ട്രോ വി.പി.സുഹൈറിനു പന്തു മറിച്ചു. വിങ്ങിലൂടെ ഓടിയെത്തിയ ഗനി അഹമ്മദ് നിഗത്തിനെ ലക്ഷ്യമാക്കി സുഹൈറിന്റെ പാസ്. ഓടിക്കയറിയ ഗനി ഗോള്‍വലയ്ക്കു മുന്നിലേക്കു ക്രോസിട്ടു. അതു പ്രതീക്ഷിച്ച് പാഞ്ഞെത്തിയ രാജേഷിന്റെ ഉഗ്രന്‍ ഹെഡര്‍. ഗോള്‍. കഴിഞ്ഞ കളിയില്‍ ഗോള്‍മുഖത്തേക്കു പറന്നു നിരങ്ങിയെത്തി ഗോകുലത്തിനായി അവസാനഗോള്‍ നേടിയ രാജേഷ് ഇക്കുറി ഒരൊറ്റ ഗോളിലൂടെ ടീമിന്റെ ഭാവി നിശ്ചയിച്ചു.

Advertisement