'ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പക്ഷപാതികള്‍; ജെയിംസ് കോച്ചേയല്ല'

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരേയും പരിശീലകന്‍ ഡേവിഡ് ജെയിംസിനേയും രൂക്ഷമായി വിമര്‍ശിച്ച് ഐലീഗ് കളിക്കുന്ന ഏക കേരള ക്ലബ് ആയ ഗോകുലം എഫ്‌സി പരിശീലകന്‍ ബിനോ ജോര്‍ജ്. മലയാളികളുടെ ഫുട്‌ബോള്‍ ആരാധന ഇരട്ടത്താപ്പാണെന്ന് പറയുന്ന ബിനോ ടീം വിജയങ്ങള്‍ നേടുമ്പോള്‍ മാത്രമേ കേരളത്തിലെ ആരാധകര്‍ അവരെ പിന്തുണക്കാനുണ്ടാകു എന്നും ആരോപിക്കുന്നു.

ഐ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനോട് തോല്‍വി നേരിട്ട ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിനോ. മത്സരത്തില്‍ ഗോകുലം ഒരു ഗോളിനു തോറ്റിരുന്നു. ഇതോടെ ഐ ലീഗില്‍ ഒമ്പതാം സ്ഥാനക്കാരായിരിക്കയാണ് ഗോകുലം എഫ്‌സി.

കേരളത്തിലെ ആളുകള്‍ ടീം വിജയിച്ചാല്‍ മാത്രമേ അവരെ പിന്തുണക്കു. ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥ നമ്മള്‍ കണ്ടതാണ്. മാനേജര്‍ക്കാണ് എപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്. റെനെ മ്യൂളസ്റ്റീന്‍ മികച്ച പരിശീലകനാണെന്നും ഇപ്പോള്‍ പകരം സ്ഥാനമേറ്റെടുത്ത ഡേവിഡ് ജയിംസ് ഒരു പരിശീലകനേ അല്ലെന്നും ബിനോ ജോര്‍ജ് പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് തകര്‍ച്ചയിലേക്ക് നീങ്ങുന്ന സമയത്താണ് റെനെയെ പുറത്താക്കി ഡേവിഡ് ജയിംസിനെ പരിശീലകനാക്കി നിയമിക്കുന്നത്. ആദ്യ സീസണില്‍ ക്ലബിനെ നയിച്ച ജയിംസ് ബ്ലാസ്റ്റേഴ്‌സിനെ ഫൈനലില്‍ എത്തിച്ചിരുന്നു. ജയിംസ് നയിച്ച രണ്ടു മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമായിരുന്നു ബ്ലാസ്റ്റേഴ്‌സ് നേടിയത്.