ഐലീഗില്‍ ഗോകുലത്തിന്റെ പടയോട്ടം, പരാജയമറിയാതെ എട്ടു മത്സരം ; ഐസ്വാള്‍ എഫ്‌സിയെയും തകര്‍ത്തുവിട്ടു

ഐലീഗില്‍ രണ്ടു മത്സരങ്ങള്‍ സമനിലയില്‍ കുരുങ്ങിയ ഗോകുലം കേരളാ എഫ്‌സി വിജയവഴിയില്‍ വീണ്ടും തിരിച്ചെത്തി. ഐസ്വാള്‍ എഫ് സിയെ ഒ്ന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം തോല്‍പ്പിച്ചത്. കളിയുടെ രണ്ടാം പകുതിയില്‍ ജോര്‍ദ്ദിയന്‍ ഫ്്‌ളെച്ചറിന്റെ ഇരട്ടഗോളുകളിലായിരുന്നു ഗോകുലത്തിന്റെ വിജയം.

കളിയുടെ അവസാന മിനിറ്റില്‍ ആയുഷ് ദേവ് ഛേത്രിയായിരുന്നു ഐസ്വാളിന്റെ ഗോള്‍ നേടിയത്. 66 ാം മിനിറ്റില്‍ ശ്രീകുട്ടനായിരുന്നു ഗോളിന് വഴിമരുന്നിട്ടത്. പ്രതിരോധ താരങ്ങളെ മറികടന്ന് ശ്രീകുട്ടന്‍ തൊടുത്ത ഷോട്ട് ഐസ്വാള്‍ കീപ്പറെ മറികടന്ന് പോസ്റ്റില്‍ തട്ടി മടങ്ങിവന്നപ്പോള്‍ ഫ്‌ളെച്ചര്‍ പന്ത് വലയിലാക്കി. 89 ാം മിനിറ്റില്‍ അടുത്തഗോളും ഫ്‌ളെച്ചര്‍ നേടി.

ഇഞ്ചുറി ടൈമില്‍ ഐസ്വാളിന്റെ റോബര്‍ട്ട് പ്രിമസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു. വിജയത്തോടെ എട്ടു കളികളില്‍ നിന്നും 18 പോയിന്റുമായി ഗോകുലം ലീഗ് ടേബിളില്‍ 18 പോയിന്റുമായി രണ്ടാമതുണ്ട്. പരാജയമറിയാതെ ഈ ഐലീഗ് സീസണില്‍ എട്ടു മത്സരങ്ങളാണ് ഗോകുലം പൂര്‍ത്തിയാക്കിയത്.

Read more

അഞ്ചുകളികളില്‍ ജയം നേടിയ അവര്‍ മൂന്ന് മത്സരത്തില്‍ സമനിലയില്‍ കുരുങ്ങി. എട്ടു കളികളില്‍ നിന്നും 18 പോയിന്റുള്ള മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗാണ് ഒന്നാം സ്ഥാനത്ത്.