മികച്ച അഭിനയം, രണ്ട് മിനിറ്റിനിടെ നെയ്മര്‍ക്ക് രണ്ട് മഞ്ഞക്കാര്‍ഡ്; പി.എസ്.ജിയെ രക്ഷിച്ച് എംബാപ്പെ

ലോകകപ്പിന് ശേഷം നടക്കുന്ന പി.എസ്.ജിയുടെ ലീഗ് മത്സരത്തില്‍ റെഡ് കാര്‍ഡ് വാങ്ങി ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍. സ്ട്രാസ്‌ബെര്‍ഗിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. രണ്ട് മിനിറ്റിനിടെ രണ്ട് യെല്ലോ കാര്‍ഡുകളാണ് നെയ്മര്‍ വാങ്ങിയത്.

61ാം മിനിറ്റിലാണ് നെയ്മറിന് ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചത്. അഡ്രിയാന്‍ തോംസണെ കൈകൊണ്ട് ഇടിച്ചതിനായിരുന്നു ഇത്. പിന്നാലെ തന്നെ പെനാല്‍റ്റി നേടാനായി ബോക്‌സില്‍ മനപ്പൂര്‍വം വീണതിനും റഫറി ക്ലെമന്റ് ടര്‍പിന്‍ മഞ്ഞ കാര്‍ഡ് എടുത്തു. പി.എസ്.ജിയിലെത്തിയതിന് ശേഷം നെയ്മറിന്റെ അഞ്ചാം റെഡ് കാര്‍ഡാണിത്.

മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ എംബാപ്പ നേടിയ പെനാല്‍റ്റിയുടെ കരുത്തില്‍ സ്ട്രാസ്‌ബെര്‍ഗിനെ പി.എസ്.ജി 2-1 പരാജയപ്പെടുത്തി. മാര്‍ക്വിനസാണ് പി.എസ്.ജിക്കകായി ഗോള്‍ നേടിയത്. എന്നാല്‍, 51ാം മിനിറ്റില്‍ ലഭിച്ച സെല്‍ഫ് ഗോളിന്റെ ആനുകൂല്യത്തില്‍ സ്‌ട്രോസ്ബര്‍ഗ് സമനില പിടിച്ചു.

ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി എംബാപ്പ പി.എസ്.ജിയെ വിജയത്തിലെത്തിച്ചു. ലീഗിലെ പോയിന്റ്‌നിരയില്‍ 44 പോയിന്റോടെ പി.എസ്.ജിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.