ഇയാന്‍ ഹ്യൂം ഇനി ഹ്യൂമേട്ടനല്ല; കിടിലന്‍ പേരുമായി സോഷ്യല്‍ മീഡിയ

തുടക്കം പിഴച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശക്തമായ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമിനാണ് ക്രെഡിറ്റ് മുഴുവനും. മുംബൈക്കെതിരായ ജയത്തോടെ ഐഎസ്എല്‍ ഈ സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ശ്കതമായ തിരിച്ചുവരവാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്.

ഡല്‍ഹിക്കെതിരേ ഹാട്രിക്ക് മികവിലൂടെ ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം തന്നെയാണ് മുംബൈക്കെതിരെയും ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായത്. ഇേേതാടെ, ഹ്യൂമേട്ടനെന്ന് മലയാളികള്‍ വിളിച്ചിരുന്ന ഇയാന്‍ ഹ്യൂമിനെ ഹ്യൂം പാപ്പന്‍ എന്നാണ് സോഷ്യല്‍ മീഡിയ വിളിക്കുന്നത്. മുംബൈക്കെതിരായ മത്സരത്തിനിടെ ഗോള്‍ നേടിയ ഹ്യൂമിനെ ഐഎസ്എല്‍ മലയാളം കമേന്ററായ ഷൈജു ദാമോദരനാണ് ഹ്യൂമിനെ ഹ്യൂം പാപ്പന്‍ എന്നു വിളിച്ച് തുടങ്ങിയത്. ഇതോടെ, ഹ്യൂം പാപ്പന്‍ എന്ന പേര് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

കറേജ് പെക്കൂസണ്‍ ഇയാന്‍ ഹ്യൂം കൂട്ടുകെട്ടിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സിനായി മുംബൈക്കെതിരേ ഗോള്‍ പിറന്നത്. പരിക്ക് മാറി സി.കെ വിനീത് തിരിച്ചെത്തിയ മത്സരത്തില്‍ മുംബൈ സിറ്റി എഫ് സിയെ അവരുടെ ഗ്രൗണ്ടില്‍ തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ സീസണ്‍ ഐ എസ് എല്ലിലെ തങ്ങളുടെ മൂന്നാം ജയം കുറിച്ചു.

ഇരുപത്തിമൂന്നാം മിനുറ്റിലായിരുന്നു ഇയാന്‍ ഹ്യൂമിന്റെ വിജയഗോള്‍വന്നത്. വിജയത്തോടെ 10 മത്സരങ്ങളില്‍ 14 പോയിന്റായ കേരളാ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഇന്ന് പരാജയപ്പെട്ട മുംബൈ സിറ്റി എഫ് സിക്കും 14 പോയിന്റുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരിയില്‍ അവര്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ഡേവിഡ് ജെയിംസ് പരിശീലകനായി എത്തിയതിന് ശേഷമുള്ള മൂന്ന് മത്സരങ്ങളില്‍ നിന്നാണ് നിലവില്‍ ഉള്ളതിലെ പകുതി പോയിന്റുകളും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.