യുവേഫ ചാംപ്യന്‍ ലീഗിന്റെ പ്രീക്വാര്‍ട്ടറിലെ രണ്ടാം പാദ മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് പി.എസ്.ജിയെ തകർത്തെറിഞ്ഞ് മികച്ച ജയം സ്വന്തമാക്കിട്ടിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബയേൺ ജയിച്ചുകയറിയപ്പോൾ ഇരുപാദങ്ങളിലുമായി 3-0 എന്ന സ്‌കോറില്‍ ബയേണ്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഏറെ പ്രതീക്ഷയോടെ ബയേണിനെ തോൽപ്പിക്കാമെന്ന് കരുതിയ പി.എസ്.ജിക്ക് തെറ്റി.
പന്തടക്കത്തില്‍ മാത്രമാണ് പി.എസ്.ജിക്ക് ബയേണിന് മുന്നിൽ മേധാവിത്വം ഉണ്ടായിരുന്നതെന്ന് പറയാം. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും ബയേണ്‍ നേടിയത്. 61ാം മിനുട്ടില്‍ ലിയോണ്‍ ഗോരിത്സ്‌കയുടെ അസിസ്റ്റില്‍ എറിക് ചൂപോ മോടിംഗ് ആണ് ആദ്യ ഗോളടിച്ചത്. 89ാം മിനുട്ടില്‍ ജോവോ കാന്‍സെലോയുടെ അസിസ്റ്റില്‍ സെര്‍ജി ഗ്നാബ്രി രണ്ടാം ഗോളുമടിച്ചു. എന്തായാലും പി.എസ്.ജിയുടെ സൂപ്പർ താരങ്ങൾ അടങ്ങിയ ടീമിന് ഈ ഫലം വലിയ തിരിച്ചടി നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഇന്നലത്തെ കളിയിൽ മികച്ച പ്രകടനം നടത്തി തിളങ്ങിയ ബയേണിന്റെ തോമസ് മുള്ളർ മത്സരശേഷം മെസിയുമായി ബന്ധപ്പെട്ട ഒരു അഭിപ്രായം പറഞ്ഞിരിക്കുകയാണ്.
“മെസിക്കെതിരെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ തലങ്ങളിലും കാര്യങ്ങൾ എല്ലായ്പ്പോഴും നന്നായി പോകുന്നു. ക്ലബ്ബ് തലത്തിൽ, റയൽ മാഡ്രിഡിൽ ആയിരുന്നപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു ഞങ്ങളുടെ പ്രശ്നം. മെസ്സിയുടെ ലോകകപ്പ് പ്രകടനത്തോട് എനിക്ക് ഏറ്റവും വലിയ ബഹുമാനമുണ്ട്,” അദ്ദേഹം പറഞ്ഞു
എന്തായാലും ഒരിക്കൽക്കൂടി മെസിയുടെ ചാംപ്യൻസ് ലീഗ് മോഹം വീണുടയുമ്പോൾ പി.എസ്.ജി സൂപ്പർ താരങ്ങൾക്കായി മുടക്കിയ പണം എല്ലാം വെള്ളത്തിൽ ആയി എന്നുള്ള ട്രോളുകളാണ് വരുന്നത്.
.