ഫുട്‌ബോള്‍ ജീവിതത്തില്‍ തനിക്ക് എല്ലാം നല്‍കിയത് കേരള ബ്ലാസ്റ്റേഴ്‌സാണെന്ന് മുന്‍ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍. തന്റെ് രണ്ടാം വീടാണ് ബ്ലാസ്റ്റേഴ്‌സെന്നും കേരളത്തിലെ ആരാധകരെ ഒരിക്കലും മറക്കാനാവില്ലെന്നും ജിങ്കന്‍ പറഞ്ഞു.
“ഫുട്‌ബോള്‍ ജീവിതത്തില്‍ എനിക്ക് എല്ലാം നല്‍കിയത് ബ്ലാസ്റ്റേഴ്‌സാണ്. ഞാന്‍ എന്ന വ്യക്തി രൂപപ്പെട്ടതും അവിടെയാണ്. എനിക്ക് രണ്ടാം വീടാണ് ബ്ലാസ്റ്റേഴ്‌സ്. കേരള ക്ലബ്ബിലെ കരിയര്‍ മനോഹരമായിരുന്നു. ഒരു താരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എനിക്ക് വളര്‍ച്ചയുണ്ടായി. കേരളത്തിലെ ആരാധകരെ ഒരിക്കലും മറക്കാനാകില്ല.”
“ഇന്ത്യന്‍ ജഴ്‌സിയിലും ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയിലുമുള്ള അരങ്ങേറ്റം എനിക്ക് മറക്കാനാകില്ല. ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറിയത് ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് നിറഞ്ഞ സ്റ്റേഡിയമായിരുന്നു. ഗ്രൗണ്ട് മുഴുവന്‍ കുലുങ്ങുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.” ജിങ്കന്‍ പറഞ്ഞു.
കഴിഞ്ഞ മെയ് മാസത്തിലാണ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞത്. ആറു വര്‍ഷം ബ്ലാസ്റ്റേഴ്സിനൊപ്പം ചെലവിട്ട ശേഷമായിരുന്നു ജിങ്കന്റെ പടിയിറക്കം. 2014-ലെ പ്രഥമ ഐഎസ്എല്‍ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ ഉരുക്കുകോട്ടയായിരുന്നു ജിങ്കന്‍. ടീമിന്റെ പോസ്റ്റര്‍ ബോയ് കൂടിയായിരുന്ന അദ്ദേഹം ആരാധകര്‍ക്കിടയിലും പ്രിയങ്കരനായിരുന്നു.