വ്യത്യസ്തമായ ഒരു രാജ്യത്തിന്റെ പുതിയ ഫുട്ബോള്‍ ലീഗില്‍ കളിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് താനെന്ന് സൗദി ക്ലബ്ബ് അല്‍ നസറുമായി കരാര്‍ ഒപ്പിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ചുകൊണ്ടുള്ള പ്രസ്താവനയിലാണ് ക്രിസ്റ്റ്യാനോ ഇക്കാര്യം പറഞ്ഞത്.
ആണ്‍-പെണ്‍ ഫുട്ബോള്‍ രംഗത്ത് അല്‍ നസര്‍ കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ പ്രചോദനാത്മകമാണ്. ഇക്കഴിഞ്ഞ ലോകകപ്പിലെ സൗദിയുടെ പ്രകടനവും നമ്മള്‍ കണ്ടതാണ്. ഫുട്ബോളില്‍ വലിയ നിലയിലെത്താന്‍ ആഗ്രഹവും കരുത്തുമുണ്ട് സൗദി അറേബ്യയ്ക്ക്,
യൂറോപ്യന്‍ ഫുട്‌ബോളില്‍ ഞാന്‍ ലക്ഷ്യമിട്ടതൊക്കെയും നേടിയെടുത്തു. ഇനി എന്റെ പരിചയസമ്പത്ത് ഏഷ്യയില്‍ വിനിയോഗിക്കാനുള്ള സമയമാണെന്നു കരുതുന്നു. പുതിയ ടീമംഗങ്ങള്‍ക്കൊപ്പം ചേരുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. അവര്‍ക്കൊപ്പം ടീമിനെ പുതിയ ഉയരങ്ങളിലേക്കു നയിക്കാനും- ക്രിസ്റ്റ്യാനോ പ്രസ്താവനയില്‍ അറിയിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കാണ് ക്രിസ്റ്റ്യാനോ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പരസ്യവരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1770 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെ രണ്ടര വര്‍ഷത്തേക്കാണ് കരാര്‍.
നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും കോച്ചിനുമെതിരെ ഒരു അഭിമുഖത്തില്‍ ആഞ്ഞടിച്ചതോടെയാണ് റൊണാള്‍ഡോ അവിടെനിന്ന് പുറത്തായത്. ലോകകപ്പില്‍ ഫ്രീ ഏജന്റായിട്ടാണ് ക്രിസ്റ്റ്യാനോ കളിച്ചത്.