ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളായ ലയണൽ മെസി, നെയ്മർ ജൂനിയർ, കിലിയൻ എംബപ്പേ എന്നിവർ ഒരു കുപ്പായത്തിൽ പിഎസ്ജിക്ക് വേണ്ടി എതിരാളികൾക്ക് മോശമായ സമയം കൊടുത്തിരുന്ന വർഷങ്ങളായിരുന്നു 2021-2023. മൂന്നു രാജ്യത്തിന്റെയും ഇതിഹാസങ്ങൾ കളിക്കളത്തിൽ തകർത്താടിയ മത്സരങ്ങൾ കാണുന്നത് ഏത് ഫുട്ബോൾ ആരാധകനും ഹരമാണ്.
എന്നാൽ തുടക്കം ഗംഭീരമാക്കിയ മെസിക്ക് പിന്നീട് അത്ര നല്ല അനുഭവങ്ങൾ അല്ല പിഎസ്ജി കൊടുത്തത്. 2022 ഫിഫ ലോകകപ്പ് നേടിയ ശേഷം തിരികെ പിഎസ്ജി ക്യാമ്പിൽ എത്തിയ മെസിക്ക് മോശമായ അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതിനു ശേഷം മെസി ക്ലബിൽ നിന്ന് പിന്മാറി അമേരിക്കൻ ലീഗിലേക്ക് ചേക്കേറി. എന്നാൽ ഇവർ മൂന്നു പേരുടെയും മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് പോർച്ചുഗൽ താരം വിറ്റിൻഹ.
വിറ്റിൻഹ പറയുന്നത് ഇങ്ങനെ:
” പിഎസ്ജിയിൽ ഉണ്ടയിരുന്ന സമയം ഞാൻ ഒരിക്കലും മറക്കില്ല. ഫുട്ബോൾ താരം എന്ന നിലയിൽ എന്നെ ഒരുപാട് സ്വാധീനിച്ച ക്ലബ് ആണ് അത്. മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളായ ലയണൽ മെസി, നെയ്മർ ജൂനിയർ, കിലിയൻ എംബപ്പേ എന്നിവരുടെ കൂടെ കളിക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. എന്റെ മക്കളോടും, പേരകുട്ടികളോടും ഞാൻ ഇത് പറയും” വിറ്റിൻഹ പറഞ്ഞു.