ഐഎസ്എല്ലിനെ അമ്പരപ്പിച്ച് ഹ്യൂം പാപ്പന്‍; റെക്കോര്‍ഡുകള്‍ വഴിമാറി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ രക്ഷകനായാണ് ഇയാന്‍ ഹ്യൂമിനെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആരാധകര്‍ കരുതുന്നത്. ഡല്‍ഹിക്കെതിരേ ഹാട്രിക്കടിച്ച ഹ്യൂം മുംബൈക്കെതിരേ ടീമിന്റെ വിജയ ഗോളും നേടി കേരള ബ്ലാസ്‌റ്റേഴ്‌സിന് നിര്‍ണായകമായ രണ്ട് എവേ വിജയങ്ങള്‍ സമ്മാനിച്ചു.

സീസണിന്റെ തുടക്കത്തില്‍ ഗോള്‍ കണ്ടെത്താന്‍ വിഷമിച്ചിരുന്ന മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ ടീമിനെ വിജയവഴിയിലെത്തിച്ചപ്പോള്‍ ഹ്യൂം പാപ്പനായി. ഡേവിഡ് ജെയിംസ് പുതിയ പരിശീലകനായി ചുമതലയേറ്റതോടെ ടീമിന് റിസള്‍ട്ട് വരാന്‍ തുടങ്ങിയ സന്തോഷത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍.

എന്നാല്‍, സന്തോഷത്തിന് ഇരട്ടി മധുരം നല്‍കിയ ഹ്യൂമേട്ടന്‍ ഈ സീസണ്‍ ഐഎസ്എല്ലില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഡല്‍ഹിക്കെതിരേ നേടിയ ഹ്യൂമിന്റെ ഗോള്‍ ഐഎസ്എല്ലിലെ ഗോള്‍ ഓഫ് ദ വീക്കില്‍ 92.9 ശതമാനം വോട്ടുകളും നേടി ചരിത്രം സൃഷ്ടിച്ചു. ഈ സീസണില്‍ ആദ്യമായാണ് ഇത്രെയും വോട്ടുകള്‍ ഒരു ഗോളിന് ലഭിക്കുന്നത്.

ചെന്നൈയിന്‍ എഫ്‌സി താരം ഗ്രിഗറി നെല്‍സണും എഫ്‌സി ഗോവ താരം മാനുവല്‍ ലാന്‍സറോട്ടെയും ഹ്യൂമിനും എത്രയോ പിന്നിലാണ്. ചെയ്ത വോട്ടില്‍ 92 ശതമാനവും ഹ്യൂം പാപ്പന്‍ സ്വന്തമാക്കിയപ്പോള്‍ ചെന്നൈയിന്‍ താരത്തിന് 2.7ഉം ഗോവ താരത്തിന് 2ഉം ശതമാനം വോട്ടുകള്‍ മാത്രമാണ് ഐഎസ്എല്‍ ഒന്‍പതാം വാരത്തിലെ ഗോള്‍ ഓഫ് ദ വീക്കിന് ലഭിച്ച വോട്ടുകള്‍.