2025ലെ ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും. 1996ലെ ഏകദിന ലോകകപ്പിന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ ഐസിസി ടൂർണമെൻ്റാണിത്. ഇന്ത്യ ഒഴികെയുള്ള എല്ലാ ടീമുകളും അവരുടെ പങ്കാളിത്തം സ്ഥിരീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യ പാകിസ്ഥാനിൽ കളിക്കില്ല എന്നും മത്സരങ്ങൾ ഒരു ന്യൂട്രൽ വേദിയിൽ നടത്തണം എന്നുള്ള ആവശ്യം ആണ് പറയുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പാക്കിസ്ഥാനിൽ നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളെക്കുറിച്ച് ബിസിസിഐ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
ജിയോ ന്യൂസ് പറയുന്നത് പ്രകാരം, വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പാകിസ്ഥാനിൽ മത്സരിക്കാൻ വിസമ്മതിച്ചാൽ 2026 ലെ ഐസിസി ടി20 ലോകകപ്പിൽ ദേശീയ ടീമിനെ ഇന്ത്യയിൽ കളിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റിൻ്റെ പരമോന്നത ബോഡി അനുവദിക്കില്ല. ടി20 ലോകകപ്പിൻ്റെ അടുത്ത പതിപ്പിന് ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയുമാണ്. ജൂലൈ 19 മുതൽ ജൂലൈ 22 വരെ ശ്രീലങ്കയിൽ ഒരു ഐസിസി മീറ്റിംഗ് ഉണ്ട്, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പാകിസ്ഥാനിൽ കളിക്കുന്നത് സംബന്ധിച്ച് നിലപാട് അവിടെ നിന്നറിയാം.
2023 ലെ ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോയില്ല, ടൂർണമെൻ്റ് അന്ന്ഹൈ ബ്രിഡ് മോഡലിലാണ് നടന്നത്. എന്നാൽ പാകിസ്ഥാൻ 2023 ഏകദിന ലോകകപ്പ് ഇന്ത്യയിൽ കളിക്കുകയും ചെയ്തു. 2013ന് ശേഷം ഇരു രാജ്യങ്ങളും ഉഭയകക്ഷി പരമ്പര കളിച്ചിട്ടില്ല.
അതേസമയം ബിസിസിഐ ഐസിസിയിൽ ഇത്രയും സ്ട്രോങ്ങ് ആയ സാഹചര്യത്തിൽ ഇന്ത്യക്ക് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.