'ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്താതെ തുടക്കം മുതല്‍ കളിപ്പിച്ചിരുന്നെങ്കില്‍ ലോക കപ്പ് ഫലം മറ്റൊന്നായേനെ'; സൂപ്പര്‍ താരത്തെ കണ്ട് കണ്ണില്‍ നിന്ന് വെളളം വന്നെന്ന് ആന്റണി വര്‍ഗീസ്

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നേരില്‍ കണ്ട അനുഭവം പങ്കുവെച്ച് നടന്‍ ആന്റണി വര്‍ഗീസ്. ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍-കൊറിയന്‍ മത്സരത്തിനിടെ സൂപ്പര്‍ താരത്തെ അടുത്തുനിന്ന് കണ്ടപ്പോള്‍ കണ്ണുനിറഞ്ഞ് പോയെന്നും ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്താതെ തുടക്കം മുതലെ കളിപ്പിച്ചിരുന്നെങ്കില്‍ ലോകകപ്പ് ഫലം മറ്റൊന്നായേനെ എന്നും ആന്റണി വര്‍ഗീസ് പറഞ്ഞു.

പോര്‍ച്ചുഗല്‍ – കൊറിയന്‍ മത്സരത്തിനിടെ തൊട്ടടുത്ത് നിന്നാണ് റൊണാള്‍ഡോയെ കണ്ടത്. ഞങ്ങള്‍ ഇരുന്നതിന്റെ വളരെ അടുത്താണ് അദ്ദേഹം ഇരുന്നത്. ശബ്ദം വരെ കേള്‍ക്കാന്‍ സാധിച്ചു. രോമാഞ്ചം വന്നിട്ട് വിഡിയോ പോലും കൃത്യമായി എടുക്കാന്‍ സാധിച്ചില്ല. എന്നാലും കുറച്ചൊക്കെ പകര്‍ത്തിയിട്ടുണ്ട്. ക്രിസ്റ്റ്യാനോയെ കണ്ട സന്തോഷത്തില്‍ കണ്ണില്‍ നിന്ന് വെളളമൊക്കെ വന്നു.

ഇത്രയും വലിയ കളിക്കാരന്‍ ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ഒരു ചെറിയ പേടി എല്ലാവര്‍ക്കുമുണ്ടാവുമെന്നുറപ്പാണ്. പുള്ളി കളിക്കാനിറങ്ങുമ്പോള്‍ത്തന്നെ എതിര്‍ ടീമിന് സമ്മര്‍ദ്ദമുണ്ടാവും. ആ പേടി കൊടുത്തിരുന്നെങ്കില്‍ എന്തായാലും എന്തെങ്കിലുമൊക്കെ സംഭവിച്ചേനേ. ഇതാകുമായിരുന്നില്ല ലോക കപ്പിന്റെ ഫലം- ഒരു എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ആന്റണി പറഞ്ഞു.

Read more

ലോകകപ്പില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണ കൊറിയ പ്രീക്വാര്‍ട്ടറില്‍ കടന്നിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണു ദക്ഷിണ കൊറിയയുടെ വിജയം. അഞ്ചാം മിനിറ്റില്‍ റിക്കാര്‍ഡോ ഹോര്‍റ്റയിലൂടെ പോര്‍ച്ചുഗല്‍ മുന്നിലെത്തിയെങ്കിലും കിം യങ് ഗ്വോണ്‍ (27), ഹ്വാങ് ഹീ ചാന്‍ (91) എന്നിവരിലൂടെ ദക്ഷിണ കൊറിയ ഗോള്‍ മടക്കുകയായിരുന്നു.