കലാഭവന്‍ മണിയുടെ മരണവാര്‍ത്ത കേട്ടപ്പോഴുണ്ടായ അതേ ഞെട്ടലാണ് തനിക്ക് മറഡോണയുടെ മരണവാര്‍ത്ത കേട്ടപ്പോഴും തോന്നിയതെന്ന് ഐ.എം വിജയന്‍. ഒരു അര്‍ജന്റീന ഫാന്‍ അല്ലാതിരുന്ന താന്‍ അര്‍ജന്റീനയുടെ ആരാധകനായി മാറിയത് 1986- ലെ മറഡോണയുടെ കളി കണ്ടിട്ടാണെന്നും ഇപ്പോഴും അര്‍ജന്റീന ഫാനായി തുടരുന്നതിന് കാരണവും മറഡോണ തന്നെയാണെന്നും വിജയന്‍ പറഞ്ഞു.
“ലോകത്തെ എല്ലാ ഫുട്ബോള്‍ പ്രേമികള്‍ക്കും മറഡോണയുടെ മരണം തീരാനഷ്ടമാണ്. കലാഭവന്‍ മണിയുടെ മരണവാര്‍ത്ത കേട്ടപ്പോഴുണ്ടായ അതേ ഞെട്ടലാണ് എനിക്ക് മറഡോണയുടെ മരണവാര്‍ത്ത കേട്ടപ്പോഴും തോന്നിയത്. മറഡോണയുടെ കണ്ണൂര്‍ സന്ദര്‍ശനവേളയില്‍ ഞാന്‍ ഏറെ ആരാധിക്കുന്ന അദ്ദേഹത്തോടൊപ്പം രണ്ടു മിനിറ്റ് കളിക്കാന്‍ സാധിച്ചത് ഏറെ ഭാഗ്യമായി കരുതുന്നു.”
“ഒരു അര്‍ജന്റീന ഫാന്‍ അല്ലാതിരുന്ന താന്‍ അര്‍ജന്റീനയുടെ ആരാധകനായി മാറിയത് 1986- ലെ മാറഡോണയുടെ കളി കണ്ടിട്ടാണെന്നും ഇപ്പോഴും അര്‍ജന്റീന ഫാനായി തുടരുന്നതിന് കാരണവും മറഡോണ തന്നെയാണ്. മറഡോണയുടെ കളിയുടെ ചില ശൈലികള്‍ അദ്ദേഹത്തിന് മാത്രം സാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ മറഡോണ കളിക്കുന്ന രീതി പഠിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചിട്ടില്ല” വിജയന്‍ പറഞ്ഞു.
ഹൃദയാഘതാത്തെ തുടര്‍ന്നായിരുന്നു മറഡോണയുടെ അന്ത്യം. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തു വരികെയാണ് മറഡോണയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയും എത്തിയത്. അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് ശേഷം നവംബര്‍ 11- നാണ് മറഡോണ ആശുപത്രി വിട്ടത്. 1986- ല്‍ അര്‍ജന്റീനയെ രണ്ടാംതവണ ലോകജേതാക്കളാക്കിയ ക്യാപ്റ്റനാണ് മറഡോണ. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. അര്‍ജന്റീനയ്ക്കായി 91 രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നായി 34 ഗോളുകള്‍. 1982, 1986, 1990, 1994 ലോകകപ്പുകളില്‍ കളിച്ചു. 588 ക്ലബ് മല്‍സരങ്ങളില്‍ നിന്ന് 312 ഗോളുകള്‍ നേടി.