'ബെര്‍ബയിലും മ്യൂലന്‍സ്റ്റീനിലുമുളള പ്രതീക്ഷ തകര്‍ന്നു' ആഞ്ഞടിച്ച് ഇതിഹാസ ഫുട്‌ബോളര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ചവെക്കുന്ന മോശം പ്രകടനത്തില്‍ അതൃപ്തി വീണ്ടും പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം ഐഎം വിജയന്‍. ബ്ലാസ്റ്റേഴ്‌സിന് സ്വന്തം കാണികളോട് നീതി പുലര്‍ത്താനാകുന്നില്ലെന്ന് തുറന്ന പറയുന്ന വിജയന്‍ ഇനിയും ടീം എന്ന നിലയില്‍ ബ്ലാസ്റ്റേഴ്‌സ് ഏറെ മുന്നോട്ട് പോകനുണ്ടെന്നും കൂട്ടിച്ചേര്‍ക്കുന്നു. മലയാള മനോരമയ്ക്കായി കളി വിലയിരുത്തിയപ്പോഴാണ് വിജയന്‍ ഇക്കാര്യം തുറന്ന് പറയുന്നത്.

ബെര്‍ബറ്റേവിലും മ്യൂലന്‍സ്റ്റീനിലും ഉളള പ്രതീക്ഷ തകരുകയാണെന്നും ബെര്‍ബറ്റേവിന്റെ നിഴല്‍ മാത്രമാണ് ഇപ്പോള്‍ കാണാനാകുന്നതെന്നും വിജയന്‍ കുറ്റപ്പെടുത്തുന്നു. ഒരു മുന്നേറ്റം സൃഷ്ടിക്കാന്‍ പോലും അദ്ദേഹം കളിക്കളത്തില്‍ അശക്തനാണെന്നും ഇതല്ല ബെര്‍ബറ്റേവില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷിക്കുന്നതെന്നും വിജയന്‍ തുറന്നടിക്കുന്നു.

അതെസമയം ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പോള്‍ റച്ചൂബക്കയെയും സന്ദേശ് ജിങ്കനെയും പേരടുത്ത് പ്രശംസിക്കന്ന വിജയന്‍ ഹോം ഗ്രൗണ്ടില്‍ ആദ്യ രണ്ടു കളിയും ഒരു ഗോള്‍ പോലും അടിക്കാനാവാതെ സമനിലയിലാകുന്നത് നല്ല ലക്ഷണമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

വിജയന്‍ മനോരമയില്‍ എഴുതിയ കോളം ഇവിടെ വായിക്കാം

നിരാശ തന്നെ ബാക്കി. ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചില്ലെന്നതും ജയിച്ചില്ലെന്നതുമല്ല, രണ്ടാം മല്‍സരത്തിലും കളി രസമായില്ല എന്നതാണ് ഏറെ സങ്കടകരം. ദൂരെ പ്രദേശങ്ങളില്‍ നിന്നടക്കം കളികാണാന്‍ കൊച്ചിയിലേക്ക് ഏറെ ബുദ്ധിമുട്ടിയെത്തിയ ആയിരക്കണക്കിനു കാണികളോട് കളി കൊണ്ടു നീതിപുലര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് ടീമിനായില്ല. ഈ ടീം സെറ്റായിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ആസൂത്രിതമായ ഒരു നല്ല മുന്നേറ്റവും കാണാനായില്ല. കളി മെനയാന്‍ പോന്നൊരു മിഡ് ഫീല്‍ഡര്‍ ഇല്ലെന്നതാണു പ്രശ്‌നം. പിന്നില്‍ നിന്നു പന്ത് പിടിച്ചെടുത്ത് മുന്നേറ്റ നിരക്കെത്തിക്കാന്‍ പോന്നൊരു മധ്യ നിരയോ എതിര്‍ പ്രതിരോധത്തെ ഒരുമയോടെ കീറിമുറിക്കാന്‍ പോന്നൊരു മുന്നറ്റ നിരയോ ഇതുവരെ ബ്ലാസ്റ്റേഴ്‌സിനായി രൂപപ്പെട്ടു വന്നിട്ടില്ല.

സീസണ്‍ തുടങ്ങും മുന്‍പ് ഈ ടീമിലുള്ള വലിയ പ്രതീക്ഷ ലോക താരമായ ബെര്‍ബറ്റോവും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പാരമ്പര്യമുള്ള പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീനുമായിരുന്നു. പക്ഷേ ഇരുവരും രണ്ടു കളി കഴിയുമ്പോള്‍ പ്രതീക്ഷകളെ തകര്‍ക്കുകയാണെന്നു പറയാതെ വയ്യ. ബെര്‍ബറ്റോവ് നല്ല കാലത്തിന്റെ നിഴല്‍ മാത്രമാണിവിടെ. വെറുതെ പന്ത് പാസ് ചെയ്യുന്നതൊഴിച്ചാല്‍ ഒരു മുന്നേറ്റം പ്ലാന്‍ ചെയ്യാന്‍ ഏറ്റവും പരിചയ സമ്പന്നനായ അദ്ദേഹം ഒന്നും ചെയ്യുന്നില്ല. ഇതല്ല അദ്ദേഹത്തില്‍ നിന്ന് നമ്മുടെ കളിപ്രേമികള്‍ പ്രതീക്ഷിച്ചത്.

Read more

കൈയ്യടിക്കേണ്ടത് ഗോളി റെച്ചൂക്കക്കാണ്. സന്ദേശ് ജിങ്കാന്‍ നയിച്ച പ്രതിരോധ നിരയുടെ മിടുക്കും ഇല്ലായിരുന്നെങ്കില്‍ ഇന്നലെ മൂന്നു ഗോളിനെങ്കിലും തോല്‍ക്കേണ്ടതായിരുന്നു. ആദ്യ കളിയുടെ അവസ്ഥയും അതു തന്നെ. ഹോം ഗ്രൗണ്ടില്‍ ആദ്യ രണ്ടു കളിയും ഒരു ഗോള്‍ പോലും അടിക്കാനാവാതെ സമനിലയിലായി എന്നതു നല്ല ലക്ഷണമല്ല