ക്രിക്കറ്റിനെ ഒരുപാട് ആരാധിച്ചിരുന്ന രാജ്യത്ത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ(ഐ എസ് എൽ) കടന്നുവരവോട് കൂടിയാണ് ഫുട്ബോൾ ജനകീയമായത് എന്ന് പറഞ്ഞുവെക്കാൻ സാധിക്കുന്ന രൂപത്തിലാണ് ഐ എസ് എല്ലിന്റെ ഇന്നത്തെ സ്വാധീനം. 2013ൽ പ്രഖ്യാപിക്കുകയും 2014ൽ ആരംഭിക്കുകയും ചെയ്ത ഐ എസ് എൽ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ വിദേശ ലീഗുകളിൽ പിന്തുടരുന്ന മാതൃകയിൽ അല്ലെങ്കിൽ കൂടി ഐ എസ് എൽ ഇന്ത്യൻ ഫുട്ബോളിൻ്റെ വികസനത്തിനുള്ള ഗ്രൗണ്ടായി കാണപ്പെട്ടു.
2014-ൽ ആരംഭിച്ച ഐ എസ് എല്ലിന് അലസ്സാൻഡ്രോ ഡെൽ പിയറോ, റോബർട്ട് പിറസ് തുടങ്ങിയ വലിയ ആരാധക പിന്തുണയുള്ള വിദേശ കളിക്കാരെ അവതരിപ്പിക്കുന്നതിലൂടെ റെക്കോർഡ് ബ്രേക്കിംഗ് ടെലിവിഷൻ കാഴ്ചകരെ സൃഷ്ടിക്കാൻ സാധിച്ചു. മാത്രമല്ല ഫുട്ബോൾ കാഴ്ച ജനകീയമായതോടെ പ്രാദേശിക ഫുട്ബോൾ സംസ്കാരത്തിന് കൂടിയാണ് തുടക്കം കുറിക്കപ്പെട്ടത്. ജനപിന്തുണ വർധിച്ചു വന്നതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു ഭാഗത്ത് ഐഎസ്എൽ ഒരു ബിസിനസ്സ് വിജയം കൂടിയായി പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ നിക്ഷേപങ്ങൾ നടക്കുന്ന ഇന്ത്യയുടെ അഭ്യന്തര ക്രിക്കറ്റ് ലീഗ് ആയ ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐ പി എൽ) സമാനമായ രീതിയിൽ ടൂർണമെൻ്റിൽ ഫ്രാഞ്ചൈസി മൂല്യനിർണ്ണയം കുതിച്ചുയരുകയും സ്പോൺസർഷിപ്പുകൾ ഒഴുകുകയും റിലയൻസ് പോലുള്ള കോർപ്പറേറ്റുകൾ ലീഗിൽ വൻതോതിൽ നിക്ഷേപം നടത്തുകയും ചെയ്തു.
2023-2025 സീസണിലെ രണ്ട് വർഷത്തെ മീഡിയ റൈറ്റ് ടെൻഡറിന് ഐഎസ്എൽ ഉടമയായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെൻ്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) 550 കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. ലേലത്തിൽ വിജയിക്കുന്നവർക്ക് അവരുടെ അവകാശങ്ങൾ മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. അതുപോലെ ഹീറോ മോട്ടോകോർപ്പ് 2014-ൽ 510 ദശലക്ഷം ഇന്ത്യൻ രൂപക്കാണ് ISL-ൻ്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് നേടിയത്. 2017-ൽ 1.6 ബില്യൺ രൂപയ്ക്ക് അത് പുതുക്കുകയും ചെയ്തു. ഈ അർത്ഥത്തിൽ വലിയ തോതിൽ നിക്ഷേപങ്ങളെ കേന്ദ്രികരിക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിന് സാധിക്കുന്നു എന്നത് ലീഗിന്റെ സ്വാധീനത്തെയും വിപണി മൂല്യത്തെയും കുറിച്ചുള്ള കൃത്യമായ ധാരണകൾ നൽകുന്നു.
ഇന്ത്യൻ ഫുട്ബോളിന് ഐഎസ്എൽ നൽകിയ മറ്റൊരു പ്രധാന സംഭാവന ഇന്ത്യൻ കളിക്കാരുടെ നിലവാരമാണ്. ലീഗിൽ കളിക്കുന്നതിന് വേണ്ടിയും പരിശീലിപ്പിക്കുന്നതിന് വേണ്ടിയും മറ്റ് ടെക്‌നിക്കൽ സ്റ്റാഫ് അംഗങ്ങളായും നിരവധി അന്താരാഷ്‌ട്ര കളിക്കാരും കോച്ചുമാരും വിദഗ്‌ധരും വരുന്നതിനാൽ, ഇന്ത്യൻ ഫുട്‌ബോൾ താരങ്ങൾക്ക് അവരോടൊപ്പം ഇടപെടാൻ അവസരം ലഭിക്കുന്നു. അതിൻ്റെ ഫലമായി ഇന്ത്യൻ കളിക്കാർ മികച്ച ഫുട്‌ബോൾ കളിക്കുകയും അവരുടെ നിലവാരത്തിൽ വലിയ വ്യതാസം ഉണ്ടാവുകയും ചെയ്യുന്നു. ഇന്ത്യൻ നാഷണൽ ടീമിലേക്ക് നേരിട്ട് സംഭാവന നൽകാൻ സാധിക്കുന്ന രൂപത്തിലുള്ള അക്കാഡമികളും ഐഎസ്എൽ ക്ലബ്ബുകൾ നിലവിൽ നടത്തിവരുന്നുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിനെ രാജ്യത്തെ ഏറ്റവും വലിയ ഫുട്ബോൾ ലീഗായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ അംഗീകരിച്ചിട്ടുണ്ട്. ഏഷ്യയിലെമ്പാടുമുള്ള ടീമുകൾ ഏറ്റുമുട്ടുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഇന്ത്യൻ ടീമിൻ്റെ പങ്കാളിത്തത്തിനുള്ള കവാടമായി ഇത് പ്രവർത്തിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ വിജയം അളക്കുന്നത് സാമ്പത്തിക നേട്ടങ്ങളും ഇന്ത്യൻ ഫുട്ബോളിൽ അതിൻ്റെ പരിവർത്തന സ്വാധീനവുമാണ്. ഐഎസ്എല്ലിന് ഇന്ത്യയിലെ കായിക ഭാവി രൂപപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷയോടെ പറയാൻ സാധിക്കും. ഗ്രാസ് റൂട്ട് ലെവലിൽ ഫുട്‌ബോളിനെ പരിപോഷിപ്പിക്കുന്നതിനും, സ്വദേശീയ പ്രതിഭകളെ വികസിപ്പിക്കുന്നതിനും, കായികരംഗത്തെ പ്രശസ്തി പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്നതിനും, ഇന്ത്യൻ ഫുട്‌ബോളിന് ശോഭനവും കൂടുതൽ മത്സരാധിഷ്ഠിതവുമായ ഭാവി വാഗ്ദാനം ചെയ്യാനുള്ള കഴിവുള്ള അക്കാഡമികൾ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട് എന്നത് പ്രതീക്ഷയർപ്പിക്കുന്ന കാര്യമാണ്.