സ്വപ്നത്തിലോ ഞാൻ സ്വർഗ്ഗത്തിലോ, മെസിയെ മറികടന്ന് യുവേഫയുടെ മികച്ച പുരുഷ താരമായി മാറിയതിന്റെ പിന്നാലെ പ്രതികരണവുമായി എർലിംഗ് ഹാലൻഡ്

മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാലൻഡ് ലയണൽ മെസ്സിയെ മറികടന്ന് യുവേഫയുടെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ട് എന്ന അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. 2022-23 സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ ആരാധകർ ആഗ്രഹിച്ചത് പോലെ മൂന്ന് കിരീട നേട്ടങ്ങളിലേക്ക് നയിക്കാൻ യുവതാരത്തിന്റെ മികവിന് സാധിച്ചിരുന്നു. മൊണാക്കോയിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പിന്റെ വേളയിൽ കഴിഞ്ഞ സീസണിലെ യൂറോപ്പിലെ ഏറ്റവും മികച്ച പുരുഷ താരമായി ഹാലാൻഡ് തിരഞ്ഞെടുക്കപ്പെട്ടു. സിറ്റി താരത്തിന്റെ 352 പോയിന്റുമായി താരതമ്യം ചെയ്യുമ്പോൾ 227 പോയിന്റുമായി മെസി വോട്ടിംഗിൽ രണ്ടാം സ്ഥാനത്തെത്തി.

യുവതാരത്തിന്റെ സഹതാരങ്ങളായ കെവിൻ ഡി ബ്രൂയ്ൻ, ഇൽകെ ഗുണ്ടോഗൻ, റോഡ്രി എന്നിവർ വോട്ടിംഗിൽ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ നേടി. കൈലിയൻ എംബാപ്പെ, ലൂക്കാ മോഡ്രിച്ച്, മാർസെലോ ബ്രോസോവിച്ച്, ഡെക്ലാൻ റൈസ്, അലക്സിസ് മാക് അലിസ്റ്റർ, ജീസസ് നവാസ് എന്നിവർ ആദ്യ പത്തിൽ ഇടം നേടി.

അവാർഡ് നേടിയ ശേഷം, എർലിംഗ് ഹാലാൻഡിന് uefa.com-നോട് പറയാനുള്ളത് ഇതാണ്:

“ഞാൻ ഒരുതരം സ്വപ്നത്തിലാണ്. ചെറുപ്പത്തിൽ ഇത് എന്റെ സ്വപ്നമായിരുന്നു, അതിനാൽ എന്റെ ടീമംഗങ്ങൾക്കൊപ്പം ഇത്തരത്തിൽ ഒരു നേട്ടത്തിൽ എത്താൻ കഴിയുന്നത് ഒരു പ്രത്യേക കാര്യമാണ്.”

കഴിഞ്ഞ സീസണിൽ എർലിംഗ് ഹാലൻഡ് ഒന്നിലധികം ഗോൾ സ്‌കോറിംഗ് റെക്കോർഡുകൾ തകർത്തു. 36 ഗോളുകൾ നേടി പ്രീമിയർ ലീഗിലെ ടോപ് സ്കോറർ പദവി സ്വന്തമാക്കുന്നത് കൂടാതെ 12 ഗോളുകളാണ് ചാമ്പ്യൻസ് ലീഗിൽ സ്വന്തമാക്കിയത്. എർലിംഗ് ഹാലൻഡും ലയണൽ മെസ്സിയും തങ്ങളുടെ ടീമുകൾക്കായി പുതിയ സീസൺ മികച്ച രീതിയിൽ ആരംഭിച്ചു. ഹാലൻഡ് മാഞ്ചസ്റ്റർ സിറ്റിയെ പ്രതിനിധീകരിക്കുന്നത് തുടരുമ്പോൾ, മെസ്സി പാരീസ് സെന്റ് ജെർമെയ്ൻ (PSG) വിട്ട് മേജർ ലീഗ് സോക്കർ (MLS) ടീമായ ഇന്റർ മിയാമിയിൽ ഒരു ഫ്രീ ട്രാൻസ്ഫറിൽ ചേർന്നു.