ബ്രസീലില്‍ റൊണാള്‍ഡോ നസാരിയോ തെരുവിലൂടെ നടന്നുപോകുന്ന ഒരു തടിച്ച മനുഷ്യന്‍ മാത്രമാണെന്ന് മുന്‍ സൂപ്പര്‍ താരം കക്കാ. ബ്രസീലുകാര്‍ തങ്ങളുടെ ഫുട്ബോള്‍ കളിക്കാരെ ഏറെ സ്നേഹിക്കുന്നതിനൊപ്പം തന്നെ ആഗ്രഹിച്ചത് നേടിത്തന്നില്ലെങ്കില്‍ മയമില്ലാതെ വിമര്‍ശിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കക്കായുടെ പരാമര്‍ശം.
പറയുമ്പോള്‍ വിചിത്രമായി തോന്നും, പക്ഷെ, വലിയൊരു വിഭാഗം ബ്രസീലുകാര്‍ ബ്രസീല്‍ ടീമിനെ പിന്തുണയ്ക്കുന്നില്ല. പലപ്പോഴും അത് സംഭവിക്കുന്നു. റൊണാള്‍ഡോ നസാരിയോ ഇപ്പോള്‍ ഇതിലൂടെ നടക്കുന്നത് കണ്ടാല്‍ നിങ്ങള്‍ ഒന്ന് അമ്പരക്കും. ഇവിടെ അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യത വ്യത്യസ്തമാണ്. പക്ഷെ, ബ്രസീലില്‍ തെരുവിലൂടെ നടന്നുപോകുന്ന ഒരു തടിച്ച മനുഷ്യന്‍ മാത്രമാണ് അദ്ദേഹം- എന്നാണ് കക്കാ പറഞ്ഞത്.
മുന്‍ ഇംഗ്ലീഷ് താരങ്ങളായ ഗാരി നെവില്‍, ജോണ്‍ ടെറി എന്നിവര്‍ക്കൊപ്പം ഒരു ഫുട്ബോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയായിരുന്നു കക്കായുടെ ഈ പരാമര്‍ശം. കക്കയുടെ വാക്കുകള്‍ കേട്ട് നെവിലും ജോണ്‍ ടെറിയും പൊട്ടിച്ചിരിച്ചു.
കക്കായുടെ പ്രതികരണം വേഗത്തില്‍ വൈറലായി. പിന്നാലെ ഇത് വിവാദവുമായി. ബ്രസീലിനെ 1998ല്‍ ഫൈനലിലെത്തിക്കുന്നതിലും 2002ല്‍ ലോകകപ്പ് നേടുന്നതിലും പ്രധാന പങ്കുവഹിച്ച ഇതിഹാസ താരത്തെ അപമാനിക്കുന്നതാണ് ഈ പ്രസ്താവനയെന്നാണ് വിമര്‍ശനം.