ഇന്ത്യന്‍ ഫുട്‌ബോളിനെ പ്രശംസിച്ച് ജര്‍മ്മന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ ഒലിവര്‍ ഖാന്‍. ഫുട്‌ബോളില്‍ ഇന്ത്യക്ക് അപാരമായ സാധ്യതകളുണ്ടെന്നും ആഗോള വേദിയില്‍ ഇന്ത്യ ഉടന്‍ വലിയ ശക്തിയായി മാറുമെന്നും ഒലിവര്‍ ഖാന്‍ പറഞ്ഞു.
ഫുട്‌ബോളില്‍ ഇന്ത്യക്ക് അപാരമായ സാധ്യതകളുണ്ട്. ഫുട്‌ബോളിനോട് ഞാന്‍ ഇവിടെ കാണുന്ന അഭിനിവേശം അവിശ്വസനീയമാണ്. ഇന്ത്യയുടെ സമ്പന്നമായ കായിക സംസ്‌കാരവും മനോഹരമായ കളിയും സമന്വയിപ്പിച്ച് ഫുട്‌ബോളിലേക്ക് സ്വന്തം പാത വെട്ടിത്തെളിക്കാനുള്ള സമയമാണിത്.
ആഗോള വേദിയില്‍ ഇന്ത്യ ഉടന്‍ വലിയ ശക്തിയായി മാറുമെന്നും ലോകകപ്പില്‍ മത്സരിക്കുമെന്നും ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. റൊണാള്‍ഡോ, മെസ്സി, ബഫണ്‍ പോലുള്ള കളിക്കാര്‍ യഥാര്‍ത്ഥ റോള്‍ മോഡലുകളാണ്, സംശയമില്ല. പക്ഷേ എന്തുകൊണ്ട് നിങ്ങളുടെ മണ്ണില്‍ നിന്ന് ഇന്ത്യന്‍ കളിക്കാരെയും ഇന്ത്യന്‍ റോള്‍ മോഡലുകളെയും ഉണ്ടാക്കിയെടുക്കുന്നില്ല?- ഒലിവര്‍ ഖാന്‍ ചോദിച്ചു.
മുംബൈയിലെ ജിഡി സോമാനി സ്‌കൂള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിക്കവേയാണ് ഇന്ത്യന്‍ ഫുട്‌ബോളില്‍ അതുല്യ സാധ്യതകള്‍ ഒലിവര്‍ വിലയിരുത്തിയത്. 2008ല്‍ കൊല്‍ക്കത്തയില്‍ തന്റെ കരിയറിലെ ഫൈനല്‍ മത്സരം കളിച്ചതിന് ശേഷം 15 വര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് ഒലിവര്‍ ഇന്ത്യയിലെത്തുന്നത്.