ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം ഏഴ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ഫിഫ റാങ്കിംഗിലേക്ക് കൂപ്പുകുത്തി. ലോക ഫുട്ബോൾ ബോഡി വ്യാഴാഴ്ച (നവംബർ 28) പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യ 127-ാം സ്ഥാനത്താണ്. 2017 ജനുവരിയിൽ ദേശീയ ടീം 129-ാം സ്ഥാനത്തെത്തിയതാണ് അവസാനമായി ഇന്ത്യയുടെ റാങ്കിംഗ് പിന്നോട്ട് പോയത്. 2023 ഡിസംബറിൽ ഇന്ത്യൻ ടീം ഫിഫ റാങ്കിംഗിൽ 100-ാം സ്ഥാനത്തെത്തിയെങ്കിലും പിന്നീട് ഇന്ത്യയുടെ സ്ഥാനം ക്രമാനുഗതമായി കുറഞ്ഞു കൊണ്ടിരുന്നു. 2023 ജൂലൈയിലാണ് അവസാനമായി ഇന്ത്യ ഇരട്ട അക്കത്തിൽ (99) സ്ഥാനം പിടിച്ചത്.
ഈ വർഷത്തെ ഇന്ത്യയുടെ റാങ്കിംഗ്: ഫെബ്രുവരി (117), ഏപ്രിൽ (121), ജൂൺ, ജൂലൈ (124), സെപ്റ്റംബർ (126), ഒക്ടോബർ (125) ഇപ്രകാരമാണ്. 1996 ഫെബ്രുവരിയിൽ നേടിയ 94-ാം റാങ്കായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന റാങ്കിംഗ്. പുരുഷ ടീമിനെ ഇപ്പോൾ നിയന്ത്രിക്കുന്നത് സ്പെയിൻകാരൻ മനോലോ മാർക്വേസാണ്. ഒരു വർഷത്തിലേറെയായി ഇന്ത്യക്ക് ഒരു മത്സരം പോലും ജയിക്കാനിയിട്ടില്ല. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈത്ത് സിറ്റിയിൽ കുവൈറ്റിനെതിരെയാണ് ഇന്ത്യ അവസാന വിജയം സ്വന്തമാക്കിയത്.
ഇന്ത്യൻ നാഷണൽ ഫുട്ബോൾ ടീം മോശം പ്രകടനം തുടരുമ്പോഴും കൃത്യമായ സ്‌കൗട്ടിങ്ങ് ഇല്ലാതെ ടീം മുന്നോട്ട് പോകുകയും ചെയ്യുന്ന സന്ദർഭത്തിൽ അർജന്റീന നാഷണൽ ടീമിനെ നൂറു കോടി സമാഹരിച്ച് കേരളത്തിൽ കൊണ്ട് വന്ന് കളിപ്പിക്കുന്നതിനെ ഇന്ത്യൻ പ്രൊഫഷണൽ താരമായ ആഷിഖ് കുരുണിയൻ അടക്കമുള്ള പലരും വിമർശന വിധേയമാക്കിയിരുന്നു. മികച്ച അവസരങ്ങൾ ഒരുകുമ്പോഴും കൃത്യമായി അത് വലയിലെത്തിക്കാൻ യോഗ്യരായ സ്‌ട്രൈക്കർമാർ ഇല്ലാത്തതാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി.
അടുത്ത വർഷം മാർച്ചിൽ നടക്കുന്ന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് ഇന്ത്യ ഒരുങ്ങുമ്പോൾ ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ട്. ഇന്ത്യക്കാർ അവരുടെ ക്ലബുകൾക്ക് വേണ്ടി സ്‌ട്രൈക്കർമാരായി കളിക്കാത്തതിനാൽ ഇന്ത്യയുടെ ഏക സ്‌ട്രൈക്കാറെ കൂടുതൽ ഉപയോഗിക്കേണ്ടി വരും. നിലവിൽ ഇന്ത്യയുടെ ഒന്നാം ഡിവിഷൻ ക്ലബ് ഫുട്ബോൾ ലീഗ് ആയ ഇന്ത്യൻ സൂപ്പർ ലീഗിലെ ഒട്ടുമിക്ക ക്ലബ്ബുകളുടെയും സ്‌ട്രൈക്കർ വിദേശ താരങ്ങളാണ് എന്ന് നാം ഇതിനോട് ചേർത്ത് കാണേണ്ടതാണ്.
ലോക റാങ്കിംഗിൽ ലയണൽ മെസിയുടെ അർജൻ്റീന ഒന്നാം സ്ഥാനത്തും ഫ്രാൻസ്, സ്‌പെയിൻ, ഇംഗ്ലണ്ട്, ബ്രസീൽ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഒരു സ്ഥാനം കയറി ആറാം സ്ഥാനത്തെത്തി.