ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിന്റെ നോംഗ്ഡാംബയുടെ അത്ഭുത ഗോള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. ഷില്ലോംഗ് ലാജോംഗിനെതിരെ നടന്ന മത്സരത്തില്‍ ഡിഫന്റര്‍മാരെയെല്ലാം അതി വിദഗ്ധമായി കബളിപ്പിച്ച് നേടിയ ഗോള്‍ മെസ്സിയുടെ ഗോളിനേക്കാള്‍ മികച്ച ഗോള്‍ എന്ന ഖ്യാതി ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു.
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടേതിന് സമാനമായ മെയ് വഴക്കത്തോടെയും, ഡ്രിബ്ലിങ് പാടവത്തോടെയുമാണ് ഈ 17കാരന്‍ ഗോള്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ മെസ്സിയെന്ന ഓമനപ്പേരും താരത്തിന് സമ്മാനിച്ചുകഴിഞ്ഞു.ബാഴ്സലോണ ഇതിഹാസം തന്റെ 19ാം വയസ്സില്‍ ഗെറ്റാഫെക്കെതിരെ നേടിയ അത്ഭുത ഗോളുമായാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ ഈ ഗോളിനെ താരതമ്യം ചെയ്യുന്നത്. എന്നാല്‍ നൗറേം വെറും 17ാം വയസ്സില്‍ ആണ് അത്ഭുത ഗോള്‍ സ്വന്തമാക്കിയത് എന്നത് ഗോളിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു. മത്സരത്തില്‍ ഷില്ലോംഗ് പെനാല്‍റ്റി ബോക്സിന്റെ ഇടതുമൂലയില്‍ നിന്നും ലഭിച്ച പന്ത് നൗറേം ആറു ഷില്ലോംഗ് താരങ്ങളെ അനായാസം വെട്ടിച്ചു മുന്നേറി ഗോള്‍കീപ്പറെയും കബളിപ്പിച്ചു അത്യുഗ്രനൊരു ഷോട്ടിലൂടെയാണ് ഗോള്‍ കണ്ടെത്തിയത്.
മത്സരത്തില്‍ ഇന്ത്യയുടെ അണ്ടര്‍ 17 താരങ്ങള്‍ അണിനിരന്ന ആരോസിനെതിരെ ഷില്ലോംഗ് ലാജോംഗ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെട്ടു. ആരോസിനായി നൗറേമിനു പുറമെ ജിതേന്ദ്രസിംഗ്, കെ പി രാഹുല്‍ എന്നിവരും ഗോള്‍ കണ്ടെത്തി.