ഒടുവില്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് ജര്‍മനെത്തുന്നു?

കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര താരം മാര്‍ക്ക് സിഫ്നിയോസ് മഞ്ഞപ്പട വിട്ടു. ഇതുസംബന്ധിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. സിഫ്നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദിയെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. എന്നാലിപ്പോള്‍ മറ്റൊരു വാര്‍ത്തയാണ് ബ്ലാസ്‌റ്റേഴ്‌സിനെ ചുറ്റിപ്പറ്റി പ്രചരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ബൂട്ട് കെട്ടിയ അന്റോണിയോ ജര്‍മനെ ക്ലബ്ബിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങി എന്നാണ് സൂചനകള്‍.

ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ തവണ ഫൈനലില്‍ എത്തിയതില്‍ ജര്‍മന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. കളിക്കളത്തില്‍ ജര്‍മന്‍ നൃത്തച്ചുവടുകളുമായി നിറഞ്ഞു നിന്ന് ആരാധക ഹൃദയം കീഴടക്കുകയായിരുന്നു. ഐ എസ് എല്ലില്‍ മോശം പ്രകടനം തുടരുന്ന ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക്
ജര്‍മന്‍ എത്തണം എന്ന് ആരാധകര്‍ ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണ്.

സിഫ്‌നിയോസിന്റെ പിന്‍മാറ്റം ബ്ലാസ്റ്റേഴ്‌സിന് കനത്ത് തിരിച്ചടിയാണ്.കേരള ബ്ലാസ്റ്റേഴ്സില്‍ ഈ സീസണിലെത്തിയ 20 കാരനായ ഡച്ച് താരം നാല് തവണ ലക്ഷ്യം കണ്ടിട്ടുണ്ട്. താരം ടീം വിടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ടീമിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്ന് പരിശീലകനായിരുന്ന റെനെ മ്യൂലന്‍സ്റ്റീന്‍ നേരത്തെ രാജിവെച്ചിരുന്നു.

ടീമിന്റെ മുന്നേറ്റനിരയില്‍ കളിപ്പിച്ചിരുന്ന താരത്തിന് മികച്ച പ്രകടനം ഇതുവരെ കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല.
ടീം മാനേജ്മെന്റിനെതിരേ റെനെ മ്യൂലന്‍സ്റ്റീന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് ശേഷമാണ് സിഫ്നിയോസ് ടീം വിട്ടതെന്നാണ് ശ്രദ്ധേയം. ടീം മാനേജ്മെന്റിന്റെ പിടിപ്പുകേടാണ് തന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാതിരുന്നതെന്ന് റെനെ പ്രതികരിച്ചിരുന്നു.

അതേസമയം, ഗോവയ്ക്കെതിരേ ഇക്കഴിഞ്ഞ മത്സരത്തില്‍ സിഫ്നിയോസിനെ പുറത്തിരുത്തിയതിനെതിരേ പരിശീലകന്‍ ഡേവിഡ് ജെയിംസിനെതിരേ വിമര്‍ശനമുണ്ടായിരുന്നു. അഞ്ച് വിദേശ താരങ്ങള്‍ക്ക് അവസരമുണ്ടായിട്ടും നാല് താരങ്ങളെ മാത്രം ഇറക്കിയ ജെയിംസ് സിഫ്നിയോസിനെ പുറത്തിരുത്തിയിരുന്നു.

നേരത്തെ, പരിക്ക് തിരിച്ചടിയായ ബെര്‍ബറ്റോവിനും, കിസിറ്റോയ്ക്കും ശേഷം സിഫ്നിയോസ് കൂടി ടീം വിട്ടതോടെ ആരാധകര്‍ ആശങ്കയിലാണ്. ഇനി സീസണില്‍ ബാക്കിയുള്ള അടുത്ത മത്സരങ്ങളെല്ലാം നിര്‍ണായകമാണെന്നിരിക്കെ മാനേജ്മെന്റ് എന്തിനാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്ന് വ്യക്തമല്ല.