ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം; ഒന്നാം സ്ഥാനം നിലനിര്‍ത്തി

ഏകപക്ഷീയമായ 2 ഗോളുകള്‍ക്ക് കൊല്‍ക്കത്തയെ തോല്‍പ്പിച്ച് ബെംഗളൂരു എഫ്.സി. ഇതോടെ ലീഗില്‍ ഒന്നാം സ്ഥാനം ഭദ്രമാക്കി.
അവസാന 20 മിനിറ്റ് 10 പേരായി കളിച്ചാണ് ബെംഗളൂരു വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 69ആം മിനുട്ടില്‍ രാഹുല്‍ ബേക്കേ രണ്ടാമത്തെ മഞ്ഞ കാര്‍ഡ് കണ്ട് പുറത്തുപോയതോടെയാണ് ബെംഗളൂരു എഫ്.സി 10 പേരായി ചുരുങ്ങിയത്.

തോല്‍വിയോടെ എടികെയുടെ പ്ലേഓഫ് സാധ്യതകള്‍ കൂടുതല്‍ മങ്ങി. മൂന്നാം മിനിറ്റിലെ ജോര്‍ഡി ഫിഗേറസിന്റെ സെല്‍ഫിഗോളാണ് എടികെയ്ക്ക് തിരിച്ചടിയായത്. കളിയുടെ 83മത്തെ മിനിറ്റില്‍ നിക്കോളസ് ഫെഡോര്‍ വിജയമുറപ്പിച്ച ഗോളും സ്വന്തമാക്കി.കളി തുടങ്ങി കേവലം മൂന്നു മിനിറ്റ് മാത്രം പിന്നിട്ടപ്പോള്‍ തന്നെ ആതിഥേയര്‍ പിന്നിലായി. ഒരു സെല്‍ഫ് ഗോളിലൂടെ.

മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഗോള്‍ പോസ്റ്റിനു മുന്‍മ്പില്‍ അവസരങ്ങള്‍ കളഞ്ഞു കുളിച്ചതാണ് എ.ടി.കെക്ക് വിനയായത്. ബെംഗളൂരു ഗോള്‍ പോസ്റ്റില്‍ ഗുര്‍പ്രീത് സിംഗിന്റെ പ്രകടനവും എ.ടി.കെക്ക് തിരിച്ചടിയായി.