ആരാധക ഹുങ്കുമായി ബെംഗളൂരു എഫ്‌സി; കണക്കുകള്‍ തീര്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സ്: ഐഎസ്എല്ലില്‍ നാളെ പൊടിപാറും

ഐഎസ്എല്ലില്‍ നാളെ പൊടിപാറും പോരാട്ടം. പുതുവര്‍ഷതലേന്ന് സ്വന്തം മൈതാനത്ത് ഐഎസ്എല്ലിലെ നവാഗതരായ ബെംഗളൂരു എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും. മൂന്നാമത്തെ തെക്കേ ഇന്ത്യന്‍ ഡെര്‍ബിയ്ക്കാണ് കൊച്ചി വേദിയാകുന്നത്. രണ്ട് ടീമുകള്‍ക്കും മത്സരം വളരെ നിര്‍ണായമാണെന്നിരിക്കെ കയ്‌മെയ് മറന്നുള്ള പോരാട്ടത്തിനാകും കൊച്ചി സ്‌റ്റേഡിയം സാക്ഷിയാവുക.

“പ്രത്യേകതയുള്ള മത്സരമായിട്ടാണ് ഇതിനെ കാണുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ വ്യക്തമാക്കിയതോടെ മത്സരത്തിന്റെ ഗൗരവം ആരാധകര്‍ക്ക് മനസിലായിക്കാണും. പ്രാദേശിക ടീമുകള്‍ തമ്മിലുള്ള വീറും വാശിയും ഉണ്ടാക്കുന്ന ഡെര്‍ബി ആയിട്ടാണ് ഈ മത്സരത്തിനെ വിലയിരുത്തുന്നത്. അത് വളരെ നല്ലതാണ്. ഫുട്ബോള്‍ ആരാധകര്‍ വളരെ താല്‍പ്പര്യത്തോടെയാണ് ഈ മത്സരത്തിനെ എടുത്തിരിക്കുന്നതെന്നും ഞാന്‍ കേട്ടു മ്യൂലെന്‍സ്റ്റീന്‍ കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ ഇതുവരെ ഒരു ജയം മാത്രം സ്വന്തമാക്കന്‍ കഴിഞ്ഞ കേരള ബ്ലാസറ്റേഴ്സിനു ഈ സീസണില്‍ ഇനി മുന്നോട്ടുപോകാന്‍ രണ്ടാം ജയം വളരെ അത്യാവശ്യമാണ്. അതേമസമയം, മറുവശത്ത് ബെംഗളൂരു കന്നി സീസണില്‍ തന്നെ ഉജ്ജ്വല ഫോമിലാണ്. മുംബൈ സിറ്റിക്കെതിരെ 2-0 ജയത്തോടെയാണ് ബെംഗളൂരു ഐ.എസ്.എല്‍ നാലാം സീസണ്‍ ആരംഭിച്ചത്. പിന്നീട് ഡല്‍ഹിക്കെതിരെയും (4-1), നോര്‍ത്ത് ഈസ്റ്റിനെതിരെയും (1-0) പൂനെ സിറ്റിയ്ക്കെതിരെയും ( 3-1) ജയിച്ച ബെഗളൂരു ഗോവയോടും ചന്നൈയിന്‍ എഫ്.സിയോടും തോറ്റു.

ഏഴ് മത്സരങ്ങളില്‍ നാല് ജയവും മൂന്നു സമനിലകളുമായി 12 പോയിന്റ് ഇതിനകം നേടിയ ബെംഗ്ളുരു എഫ്.സി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ മൊത്തം 15 പോയിന്റ് സ്വന്തമാക്കാനാകും . ചെന്നൈയിനു പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ഇതിലൂടെ സാധിക്കും.
അതേസമയം, നിലവിലെ റണ്ണേഴ്സ് അപ്പായ കേരള ബ്ലാസ്റ്റേഴ്സിനു ഇതിനകം ഒരു ജയം മാത്രമെ നേടാന്‍ കഴിഞ്ഞിട്ടുള്ളു. ഐ.എസ്.എല്‍ നാലാം സീസണില്‍ കേരള ബ്ലാസറ്റേഴ്സ് ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ മുന്നു മത്സരങ്ങളിലും സമനിലയോടെ തുടക്കം കുറിച്ച ബ്ലാസ്റ്റേഴ്‌സിന് രു ജയവും നാല് സമനിലകളും ഒരു തോല്‍വിയുമായി ഏഴ് പോയിന്റാണുള്ളത്. പട്ടികയില്‍ എട്ടാം സ്ഥാനവും.

ഇന്ന് ജയിച്ചാലും കേരള ബ്ലാസ്റ്റേഴ്സിനു ആറാം സ്ഥാനത്തിനപ്പുറം കടക്കാനാവില്ല. എങ്കിലും ടീമിന്റെ ആത്മവിശ്വാസം പതിന്മടങ്ങ് ഉയര്‍ത്താന്‍ കഴിയും. അടുത്ത മാസം നടക്കുന്ന പൂനെ സിറ്റിക്കെതിരെയുള്ള മത്സരം കഴിഞ്ഞാല്‍ ബ്ലാസ്റ്റേഴ്സിനു തുടര്‍ച്ചയായി മൂന്നു എവേ മത്സരങ്ങളാണ് കളിക്കേണ്ടത്.

കളിക്കാരുടെ പരുക്കാണ് കേരള ബ്ലാസറ്റേഴ്സിന്റെ ആദ്യ മത്സരങ്ങളെ പ്രതികൂലമായി ബാധിച്ചത്. ഇന്ന് ബെംഗ്ളുരുവിനെതിരെ സ്റ്റാര്‍ സ്ട്രൈക്കര്‍ ദിമിതാര്‍ ബെര്‍ബറ്റോവിനു കളിക്കാന്‍ കഴിയുമോ എന്ന കാര്യം ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ബെര്‍ബറ്റോവിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച കോച്ച് മ്യൂലന്‍സ്റ്റീന്‍, ബെര്‍ബ്റ്റോവ് നല്ല നിലയില്‍ പരിശീലനത്തിനു ഇറങ്ങിയതായി അറിയിച്ചു. പക്ഷേ മത്സരത്തിനു തൊട്ടു മുന്‍പ് മാത്രമെ അദ്ദേഹത്തിനെ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളു.