പ്രായത്തട്ടിപ്പ്: ബെംഗളൂരു എഫ്‌സിക്ക് വിലക്ക്‌

ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ പ്രായക്കൂടുതലുള്ള താരങ്ങളെ കളിപ്പിക്കാന്‍ ശ്രമിച്ചതിന് ബെംഗളൂരു എഫ്‌സിയടക്കം മൂന്ന് ക്ലബ്ബുകളെ ഫുട്ബോള്‍ ഫെഡറേഷന്‍ അയോഗ്യരാക്കി. ബെംഗളൂരു എഫ്സിക്കു പുറമെ ഓസോണ്‍ എഫ്സി, ജമ്മു യുണൈറ്റഡ് എഫ്സി തുടങ്ങിയ ക്ലബ്ബുകളെയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിലക്കിയത്. ഇതോടെ എഐഎഫ്എഫ് നടത്തുന്ന ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ മൂന്നു ടീമുകള്‍ക്കും കളിക്കാനാവില്ല.

നിലവില്‍ ബെംഗളൂരു എഫ്സി ഐഎസ്എല്ലിന്റെ ഭാഗമാണെങ്കില്‍ ഐ ലീഗ് രണ്ടാം ഡിവിഷനിലാണ് ഓസോണ്‍ എഫ്സിയും ജമ്മു യുനൈറ്റഡ് എഫ്സിയും കളിക്കുന്നത്. അണ്ടര്‍ 13 യൂത്ത് ലീഗില്‍ പ്രായക്കൂടതലുള്ള താരത്തെ കളിപ്പിച്ചതാണ് ബെംഗളൂരുവിന് വിനയായത്. ഓസോണും ജമ്മു യുനൈറ്റഡും അണ്ടര്‍ 15 യൂത്ത് ലീഗിലാണ് കൃത്രിമം കാണിച്ചത്.

ബെംഗളൂരുവിന്റെയും അണ്ടര്‍ 13 ടീമിലെയും ഓസോണിന്റെ അണ്ടര്‍ 15 ടീമിലെയും ഓരോ താരങ്ങള്‍ക്കാണ് പ്രായം കൂടുതലുള്ളതായി കണ്ടെത്തിയത്. ജമ്മു യുനൈറ്റഡിന്റെ അണ്ടര്‍ 15 ടീമില്‍ പ്രായക്കൂടുതലുള്ള രണ്ടു കളിക്കാരുണ്ടായിരുന്നു. പി അങ്കിത് (ബെംഗളൂരു), ആകാശ് ചന്ദര്‍ യാദവ് (ഓസോണ്‍ എഫ്സി), രോഹിത് യാദവ്, ശ്രേയന്‍ ദേവ് സിങ് (ജമ്മു യുനൈറ്റഡ്) തുടങ്ങിയ താരങ്ങളെ എഐഎഫ്എഫ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.