രാജകിയം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. ഒരാഴ്ച്ച മുമ്പ് തങ്ങളുടെ ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് സ്വപ്‌നങ്ങൾ തകർത്തുവിട്ട് ലീഗ് ഷീൽഡ് സ്വന്തമാക്കിയ മോഹൻ ബഗാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ സിറ്റി എഫ്‌സി. ഒരു ഗോളിന് പുറകിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ മനോഹരമായി തിരിച്ചുവന്ന് കിരീടം സ്വന്തമാക്കുക ആയിരുന്നു മുംബൈ സിറ്റി.
ഇരുടീമുകളും നല്ല ഫുട്‍ബോൾ കളിച്ച ആദ്യ പകുതിയിൽ ഗോളവസരങ്ങൾ രണ്ടുകൂട്ടരും സൃഷ്ടിച്ചു, കളിയുടെ 44 ആം മിനിറ്റിൽ ജേസൺ കമ്മിൻസിലൂടെ കൊൽക്കത്ത മുന്നിൽ എത്തി. റീബൗണ്ട് ഷോട്ട് പിടിച്ചെടുത്തായിരുന്നു മനോഹരമായ ഫിനിഷിങ്. രണ്ടാം പകുതിയിൽ ആത്മവിശ്വാസമായി ഇറങ്ങിയ മോഹൻ ബഗാനെതിരെ 53 ആം മിനിറ്റിൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഡയസിലൂടെ മുംബൈ ഒപ്പമെത്തുന്നു. താരത്തിന്റെ വ്യക്തിഗത മികവിൽ നിന്നായിരുന്നു ഗോൾ.
തുടർന്ന് ഇരുവരും ഒരുപാട് ശ്രമിച്ചെങ്കിലും ഗോളുകൾ വന്നില്ല. അധിക സമയത്തേക്ക് നീങ്ങുമോ എന്ന് തോന്നിച്ച സമയത്ത് 81 ആം മിനിറ്റിൽ ബിബിൻ സിങ്ങിലൂടെ മുന്നിൽ എത്തിയ മുംബൈ തുടർന്നും ആക്രമിച്ച് കളിച്ച് കളിയുടെ 97 ആം മിനിറ്റിൽ ജാകുബ് കൂടി ഗോൾ അടിച്ചതോടെ കിരീട നേട്ടത്തിന് മധുരം കൂടി.
ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് കിരീടം നേടാൻ പറ്റിയില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രിയോസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.