നവീന്‍ ടോമി
സ്‌പോര്‍ട്‌സ് ഡ്രാമകള്‍ എന്നും ഒരുപരിധി വരെ പ്രെഡിക്റ്റബിലിറ്റികൊണ്ടും സ്ഥിരം കണ്ട് മറന്ന കഥാപാശ്ചാത്തലം കൊണ്ടും സമ്പന്നമാണ്.. സ്ഥിരം മാതൃകകളില്‍ നിന്നും മാറി.. വെത്യസ്തമായ കഥാപറച്ചില്‍ ശൈലി ഇടക്ക് ഉണ്ടാകാറുണ്ടെങ്കിലും ഇപ്പോഴും മേല്പറഞ്ഞ സാധാ ടെമ്പ്‌ലേറ്റില്‍ തന്നെയാണ് കളി.. എങ്കിലും ഇടക്കൊക്കെ ചില റിയല്‍ ലൈഫ് തിരിച്ചുവരവുകളും വിജയഘോഷവും കാണുമ്പോള്‍ എല്ലാം കൊണ്ടും ഒരു മികച്ച സ്‌പോര്‍ട്‌സ് ഡ്രാമക്ക് വേണ്ട പലതും ഇതില്‍ ഇല്ലേ എന്ന് തോന്നിപോകും..
മുത്തശ്ശികഥകളിലെ ലാളിത്യവും പ്രതീക്ഷകളും സ്വപ്നങ്ങളും നശിച്ച ഒരു ജനതയുടെ നഷ്ടബോധവും അതിലേക്ക് പറന്നിറങ്ങിയ ഒരു കോച്ചും.. സിനിമാറ്റിക്ക് എലമെന്റുകള്‍ കൊണ്ട് സമ്പനമാണ് ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ്.. ആര്‍ത്തിരമ്പുന്ന മഞ്ഞകടലിന്റെ സങ്കടത്തിലും സന്തോഷത്തിലും.. വിഷാദത്തിലും വിമുഖത്തിലും.. കെടാതെ തെളിച്ച പ്രതീക്ഷയുടെ ഒരു നാളമുണ്ടായിരുന്നു..
2014ലെ എക്‌സ്ട്രാ ടൈമിലെ റഫീഖിന്റെ ഹെഡര്‍ ഗോളിനും 2016ലെ മജുംദാരിന്റെ ഫുട്ട് സേവിനും പിന്നെ ബാക്കിസീസനുകളിലെ തോല്‍വികഥകള്‍ക്കും കെടുത്താനാകാഞ്ഞ നാളം.. എങ്കിലും പരിഹാസതിന്റെയും വേദനയുടെയും പ്രതീക്ഷകളുടെയും ആ തീരത്ത് ആ ജനത ഒറ്റക്കായി.. മുന്‍പൊരിക്കല്‍ പറഞ്ഞപോലെ.. മാറ്റത്തിന് വേണ്ടി ഒരു ജനത മുഴുവന്‍ ആഗ്രഹിക്കുമ്പോള്‍… രക്ഷകന്റെ വരവിനു വേണ്ടി കൊതിക്കുമ്പോള്‍… കഥയും കഥാപാത്രങ്ങളും നായകന്റെ വരവിനു വേണ്ടി കാത്തിരിക്കുമ്പോള്‍ അസ്തമയ സൂര്യന്റെ അവസാന യാമത്തില്‍ പ്രതീക്ഷയുടെ ആ നാളത്തെ കെടാതെ കാക്കാന്‍.. ആളിപടര്‍ത്താന്‍.. ആ നായകന്‍ വരുന്നു..
അറബിടകടലിന്റെ റാണിയെ മഞ്ഞപ്പുതപിച്ച കൊമ്പന്റെ അമരക്കാരനായി വന്ന ഇവാന്‍ വുകമനോവിച്ചിനു അന്നും ഇന്നും ഏറ്റവും സാദൃശ്യം തോന്നുന്നത് മറ്റൊരു ജനതയുടെ പ്രതീക്ഷകള്‍ക്ക് ജീവനേകാന്‍ ബോംബയില്‍ നിന്നും വന്ന കണിമംഗലത്തെ ജഗന്നാഥനുമായി തന്നെയാണ്.. അമിത പ്രതീക്ഷയും വാദങ്ങളും ഇല്ലാതെ വന്ന് പകരം വെക്കാനാവാത്ത സ്ഥിരതയുടെ കളി മികവ് ശീലിപ്പിച്ച ഇവാന്‍ തന്നെയാണ് നായകന്‍.. ഈ ചിത്രവും ഇവാന്റെ തന്നെ..
പൊട്ട് കുത്തിയ അറബികടലിന്റെ റാണിയെ മനോഹരിയാക്കിയ ആ മഞ്ഞപ്പുടവ ആര്‍ത്തലക്കുന്ന ഒരു ജനതക്ക് ആവേശത്തിന്റെ നിറമാക്കുമ്പോള്‍ ആ ആവേശകടലിന്റെ ആഴവും പരപ്പും ജീവനുള്ളക്കിയത് ഇവാന്‍ തന്നെയാണ് .. ചിതറി കിടന്ന അസാമാന്യ പ്രതിഭകളിലൂടെ കാല്പന്തിന്റെ വര്‍ണവിസ്മയം പകര്‍ന്ന ആ മനുഷ്യനില്‍ തന്നെയാകാം അവസാന പൊരിനിറങ്ങുമ്പോഴും കൊമ്പന്റെ വിശ്വാസം..
ഒരിക്കല്‍ ഇടഞ്ഞ് നിന്ന ശത്രു ഏറ്റവും പ്രിയങ്കരനാകുന്ന സുന്ദര കാഴ്ച, പരിക്കിന്റെ വലയില്‍ തീരുമെന്ന് കരുതിയ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കിയ പകരം വെക്കാനാവാത്ത പകരക്കാര്‍, വാങ്ങിച്ചെടുക്കാതെ സൃഷ്ടിച്ചെടുത്ത ടാലെന്റുകള്‍, കിലോമീറ്ററുകള്‍ അകലെ തങ്ങള്‍ക്ക് വേണ്ടി ആര്‍പ്പുവിളിക്കുന്ന ഒരുപറ്റം മനുഷ്യര്‍ക്ക് വേണ്ടി സകലതും നല്‍കുന്ന ഒരു പറ്റം മനുഷ്യര്‍.. ഒരു സിനിമക്ക് വേണ്ട പലതും.. പലയിടതായി തന്നെ ചിതറി കിടപ്പുണ്ട്..
തെളിഞ്ഞ മഴവില്ലിന്റെ ഇരുണ്ട അറ്റത്തെ കണക്കിനാവിന്റെ കൊമ്പില്‍ ഒരായിരം സ്വപ്നങ്ങളും ഒരു ജനതയുടെ പ്രതീക്ഷയും പേറി ഒരു മഞ്ഞകടലിരമ്പം താഴ്‌നിറങ്ങും.. തിരിച്ചടികളുടെയും വേദനകളുടെയും നടുവില്‍ തന്റെ പ്രണയിനിയെ ചേര്‍ത്ത് പിടിച്ച പ്രിയതമന്റെ നിര്‍വൃതിക്ക് ഗോവന്‍ മണ്ണിലെ പുല്‍ത്തകിടികള്‍ സാക്ഷിയാകും.. എതിരാളികളെ തച്ചുതകര്‍ത്ത കൊലകൊമ്പന്റെ കാഹളം ബാബൊളീടെ കവാടങ്ങളില്‍ പിന്നെയും മുഴങ്ങും.. ഗോവന്‍ തീരത്തെ കടല്‍കാറ്റ് മഞ്ഞയണിയും.. ദാലോ നൃത്തചുവടുകള്‍ക്ക് ആ മഞ്ഞപടയുടെ ഹൃദയതാളമായിരിക്കും.. ആ താളത്തില്‍ അവരുടെ സ്വപ്നങ്ങള്‍ നേടാന്‍ പന്ത് തട്ടുന്ന ആ പതിനൊന്നു പേരും.. പുറത്ത് ആ താളത്തിന് വിജയസൗന്ദര്യം നല്‍കാന്‍ ആ വെള്ളകുപ്പായക്കാരനും..
എല്ലാത്തിനും ഒടുവില്‍ മുകളില്‍ ആദ്യം പറഞ്ഞ ആ പ്രെഡിക്റ്റബിലിറ്റി തന്നെയാവര്‍ത്തിക്കട്ടെ എന്ന് ആശിക്കുന്നു.. ക്‌ളീഷേകളും ലൂപ്പ്‌ഹോളുകളും നിറഞ്ഞ നമ്മുടെ ഈ ജീവിതത്തില്‍ സന്തോഷം നിറഞ്ഞ ഈ പ്രെഡിക്റ്റബിലിറ്റി അത്രമേല്‍ ആഗ്രഹിച്ചു പോകുന്നു.. അതെ, ഭാഷവരമ്പുകള്‍ ഇല്ലാതാകുന്ന സിനിമകാഴ്ചകള്‍ ഹൃദ്യമാകുമ്പോള്‍.. സ്‌നേഹത്തിന്റെ മറ്റൊരു ഭാഷയാകുമ്പോള്‍ കാല്പന്തിന്റെ സൗന്ദര്യം അതെ സ്‌നേഹസങ്കല്പത്തിന്റെ മറ്റൊരു വികാരമാകുന്നു.. ഒന്നിച്ചു നിര്ത്തുന്ന വികാരം..
കൊമ്പന് ആശംസകള്‍..
കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്