ഐഎസ്എല്‍ വിട്ട് സൂപ്പര്‍ കോച്ച്, പരിശീലക സ്ഥാനം ഉപേക്ഷിച്ചു

ഐസ്എല്‍ ക്ലബ്ബായ ജംഷഡ്പൂര്‍ എഫ്‌സിയുടെ പരിശീലകസ്ഥാനം ഉപേക്ഷിച്ച് ഓവന്‍ കോയ്ല്‍. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് കോയ്ല്‍ ഐസ്എല്ലില്‍ നിന്ന് മാറിനില്‍ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ജംഷഡ്പൂരിനെ പരിശീലിപ്പിച്ചത് കോയ്ല്‍ ആയിരുന്നു.

‘പ്രിയപ്പെട്ടവരേ, ജംഷഡ്പൂരിനൊപ്പം രണ്ട് സുന്ദര വര്‍ഷങ്ങള്‍ ചെലവഴിക്കാനായി. ജംഷഡ്പൂര്‍ ടീമംഗങ്ങളുമായുള്ള സൗഹൃദം ഞാനെന്നും ഹൃദയത്തില്‍ സൂക്ഷിക്കും.ജംഷഡ്പൂരിനൊപ്പമുള്ള നല്ല നിമിഷങ്ങള്‍ എന്റെ ഫുട്ബോള്‍ കരിയറിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളിലൊന്നാണ്. കുടുംബവുമായി ബന്ധപ്പെട്ട കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ പരിശീലക സ്ഥാനം ഉപേക്ഷിക്കുന്നത്.’

‘വീണ്ടും ഫുട്ബോള്‍ രംഗത്തേക്ക് തിരിച്ചുവരികയാണെങ്കില്‍ തീര്‍ച്ചയായും ജംഷഡ്പൂരായിരിക്കും എന്റെ പ്രിയപ്പെട്ട ടീം. ഇവിടം എന്റെ വീടുപോലെയാണ്. എന്നെ പരിഗണിച്ച എനിക്കുവേണ്ടി പ്രാര്‍ഥിച്ച ഏവര്‍ക്കും നന്ദി. നിങ്ങളെ ഞാന്‍ എന്നും ഓര്‍ക്കും. ജാം കേ ഖേലോ’- കോയ്ല്‍ കുറിച്ചു.

Read more

ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തായിരുന്നു ജംഷഡ്പൂര്‍. ഷീല്‍ഡ് കപ്പ് നേടാനും ഇവര്‍ക്കായിരുന്നു. ലീഗ് ഘട്ടത്തില്‍ 20 മത്സരങ്ങളില്‍ നിന്ന് 13 വിജയവും നാല് സമനിലയുമാണ് ജംഷഡ്പൂര്‍ കോയ്ലിന്റെ നേതൃത്വത്തില്‍ നേടിയത്. വെറും മൂന്ന് തോല്‍വി മാത്രമാണ് ടീം വഴങ്ങിയത്. സെമിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനോട് തോറ്റതാണ് ജംഷഡ്പൂര്‍ പുറത്തായത്.