'മത്സരം കഠിനമായിരിക്കും, കടുത്ത പോരാട്ടമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്'; ജംഷഡ്പൂറിന് എതിരായ മത്സരത്തെ കുറിച്ച് ഇവാന്‍ വുകോമാനോവിച്ച്

ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ജംഷഡ്പൂര്‍ എഫ്സിയെ നേരിടും. ഇന്നത്തെ മത്സരം ജയിക്കാനായാല്‍ ഐഎസ്എല്ലിന്റെ ഒരു സീസണില്‍ ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ടീമെന്ന റെക്കോഡ് ബ്ലാസ്റ്റേഴ്‌സിന് സ്വന്തമാകും. എന്നാല്‍ ജംഷഡ്പൂര്‍ എഫ്സിക്കെതിരായ പോരാട്ടം കഠിനമായിരിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് പറഞ്ഞു.

‘ജംഷഡ്പൂര്‍ എഫ്സി വളരെ മികച്ച, നേരിടാന്‍ വിഷമമുള്ള ടീമാണ്. മൈതാനത്തിന് ചുറ്റും ഓടുന്ന ഡ്യുയല്‍സ് അല്ലാതെ മറ്റൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഒപ്പം കൂടുതല്‍ ഏകാഗ്രത പുലര്‍ത്തുന്ന ടീം ഒന്നാമതെത്തുമെന്ന് ഞാന്‍ കരുതുന്നു. ഇരു ടീമുകള്‍ക്കും ഇത് വളരെ കഠിനമായ ഗെയിമായിരിക്കും ഞാന്‍ കരുതുന്നു.’

‘ഞാന്‍ എപ്പോഴും പറയാന്‍ ഇഷ്ടപ്പെടുന്നതുപോലെ മികച്ച ടീം ജയിക്കട്ടെ. കൂടാതെ, ഈ സാഹചര്യങ്ങളില്‍, എല്ലാ ടീമുകളും ഫിറ്റ്‌നസ് ലെവലിനെക്കുറിച്ചും, ചുറ്റും എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ചും വിവേകവും ശ്രദ്ധയും പുലര്‍ത്തേണ്ടതുണ്ട്. മത്സരം കഠിനമായിരിക്കും. ഞങ്ങള്‍ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്’ ഇവാന്‍ വുകോമാനോവിച്ച് പറഞ്ഞു.

ഗോവയിലെ ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 13 മത്സരങ്ങളില്‍ നിന്ന് ആറ് ജയവും അഞ്ച് സമനിലയുമടക്കം 23 പോയിന്റുമായി നിലവില്‍ ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.