ഫിഫ ലോകപ്പിനേയും മറികടന്നു; ചരിത്രം രചിച്ച് ഐഎസ്എല്‍

ടിവി വ്യൂവര്‍ഷിപ്പില്‍ ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനെ മറികടന്നന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. ഐഎസ്എല്‍ തുടങ്ങി കേവലം മൂന്നാഴ്ച്ചയ്ക്കുള്ളിലാണ് അണ്ടര്‍ 17 ലോകകപ്പിനെ സൂപ്പര്‍ ലീഗ് മറികടന്നത്.

ഇതിനോടകം തന്നെ ലോകകപ്പിനേക്കാള്‍ 20 ശതമാനം അധികം വ്യൂവര്‍ഷിപ്പാണ് ഐഎസ്എല്‍ സ്വന്തമാക്കിയത്.

ലോകമെമ്പാടും 68 മില്യണ്‍ ആളുകളാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ടിവിയിലൂടെ കണ്ടത്. എന്നാല്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ഡോട്ട് കോം കണക്കുകള്‍ പ്രകാരം ആദ്യ മൂന്ന് ആഴ്ചകളില്‍ തന്നെ ഐഎസ്എലില്‍ ടീവി വ്യൂവേര്‍ഷിപ്പ് 81 മില്യണ്‍ കടന്നു കഴിഞ്ഞു.

കൊച്ചിയില്‍ നടന്ന ഐഎസ്എല്‍ നാലാം സീസണ്‍ ഉദ്ഘാടന മത്സരം തന്നെ 7.4 മില്യണ്‍ ആളുകള്‍ ടിവിയിലൂടെ കണ്ട് ചരിത്രം സൃഷ്ടിച്ചിരുന്നു. സീസണ്‍ കഴിയുമ്പോഴേക്കും ടെലിവിഷന്‍ പ്രേക്ഷകരുടെ കാര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഐഎസ്എല്‍ പുതിയ ചരിത്രം രചിച്ചേക്കാം.

നവംബര്‍ 14നാണ് ഐഎസ്എല്‍ നാലാം സീസണ്‍ തുടങ്ങിയത്. 2017-2018 സീസണില്‍ 10 ടീമുകള്‍ 95 മത്സരങ്ങളില്‍ മാറ്റുരക്കും. കഴിഞ്ഞ സീസണില്‍ ഇല്ലാതിരുന്ന ബംഗളൂരു എഫ്സി, ജംഷഡ്പൂര്‍ എഫ്സി എന്നീ ടീമുകളും ഇത്തവണ അങ്കത്തിനുണ്ട്.