ജേഴ്സി നിലത്തിട്ട് ചവിട്ടിയെന്ന വിവാദത്തില്‍ ലയണല്‍ മെസിക്ക് പിന്തുണയുമായി മെക്സിക്കന്‍ ക്യാപ്റ്റന്‍ ആന്ദ്രെ ഗ്വര്‍ദാദോ. വിയര്‍ത്ത് നനഞ്ഞ ജേഴ്സി നിലത്തിടുന്നത് പതിവാണെന്നും ഡ്രസിംഗ് റൂമില്‍ എന്താണ് സംഭവിക്കുന്നതെന്ന് വിവാദമുണ്ടാക്കിയ ബോക്സര്‍ കനേലോ അല്‍വാരസിന് അറിയില്ലെന്നും ഗ്വര്‍ദാദോ പറഞ്ഞു.
ആ ജേഴ്സി എന്റേതായിരുന്നു. മെസ്സിയുമായി കൈമാറ്റം ചെയ്തതാണ്. ഡ്രസിംഗ് റൂം എന്താണെന്ന് കനേലോ അല്‍വാരസിന് അറിയില്ല. ഇത് വളരെ ബാലിശമായാണ് എനിക്ക് തോന്നുന്നത്. വിയര്‍പ്പ് പറ്റി നനഞ്ഞ ജേഴ്സി അത് എതിരാളിയുടേയോ, സ്വന്തം ജേഴ്സിയോ ആകട്ടെ നിലത്തിടുന്നതാണ് പതിവ് ആന്ദ്രെ ഗ്വര്‍ദാദോ പറഞ്ഞു.
അര്‍ജന്റീന- മെക്‌സിക്കോ മത്സരത്തിന് പിന്നാലെ മെസ്സിക്കെതിരേ ഭീഷണിയുമായി അല്‍വാരസ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഗ്വര്‍ദാദോയുടെ പ്രതികരണം. മെക്‌സിക്കോയുടെ ജേഴ്‌സിയും പതാകയും മെസി നിലത്തിട്ട് ചവിട്ടിയെന്നായിരുന്നു ആരോപണം.
ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചാണ് കനേലോ അല്‍വാരസ് ആരോപണവുമായി രംഗത്തെത്തിയത്. മെസി തന്റെ കണ്‍മുമ്പില്‍ വന്ന് പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോളൂ എന്നാണ് അല്‍വാരസ് പറഞ്ഞത്. മെസിക്ക് എതിരെ ഭീക്ഷണി സന്ദേശം മുഴക്കിയതിന് ലോകത്തിന്റെ പല കോണില്‍ നിന്നും വിമര്‍ശനം ബോക്സര്‍ കേട്ടിരുന്നു.