'ആ ഗോള്‍ ചരിത്രത്തില്‍ ഇടം നേടിയില്ലേലും, അവന്‍ ചരിത്രത്തിന്റെ ഭാഗമാകും'

സ്പാനിഷ് ലീഗില്‍ ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ് സാവിയുടെ ബാഴ്സലോണ. ഒരു സമയത്ത് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തായിരുന്ന ടീം ഇന്നലെ നടന്ന മത്സരം കൂടി ജയിച്ചതോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി റയലിന് വെല്ലുവിളി ഉയര്‍ത്തിരിക്കുകയാണ്. ഇന്നലെ സെവിയയുമായി നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ടീം വിജയം നേടിയത്.

മത്സരത്തിലെ മനോഹരമായ വിജയഗോള്‍ നേടിയ പെഡ്രിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത് സെവിയയുടെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ മോഞ്ചി. ‘പെഡ്രി നേടിയ മനോഹരമായ ഗോള്‍ ചരിത്രത്തില്‍ ഇടം നേടുമോ എന്നറിയില്ല. പക്ഷെ പെഡ്രി ചരിത്രത്തില്‍ ഇടം നേടാന്‍ പോവുന്ന ഒരു താരമാണ്.’ പെഡ്രിയെ പ്രശംസിച്ച് മോഞ്ചി പറഞ്ഞു

ഈ ടീം ഒരിക്കലും രക്ഷപെടാന്‍ പോവില്ല എന്നുപറഞ്ഞ് കളിയാക്കിയ അതെ ആളുകളെ കൊണ്ട് മാറ്റിപ്പറയിപ്പിക്കുകയാണ് ബാഴ്സ ഇപ്പോള്‍. മികച്ച താരങ്ങളെ ടീമിലെത്തിച്ച സാവി വരും സീസണില്‍ സൂപ്പര്‍ താരങ്ങള്‍ പലരും ടീമിലെത്തുമെന്ന് പറഞ്ഞിട്ടുണ്ട്.

അവസാനമായി കളിച്ച 13 മത്സരങ്ങളില്‍ ഒന്നില്‍ പോലും തോല്‍വി അറിയാതെ നില്‍ക്കുന്ന ടീം പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന കളിയാണ് നടത്തുന്നത്.