ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെ മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ഇതോടെ പ്രീമിയർ ലീഗിൽ ബഹുദൂരം മുന്നിലേക്ക് ഉയർന്നിരിക്കുകയാണ് ലിവർപൂൾ. 16 മത്സരങ്ങളിൽ നിന്നായി 12 വിജയങ്ങളും 3 സമനിലയും, 1 തോൽവിയും എന്ന നിലയിൽ 39 പോയിന്റുകളാണ് ടീം നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ചെൽസി അടുത്ത മത്സരം കൂടെ വിജയിച്ചാലും അവർ രണ്ടാം സ്ഥാനത്ത് തന്നെ നിലകൊള്ളും.
മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിന്നത് ലിവർപൂൾ തന്നെയാണ്. 52 ശതമാനവും പൊസിഷൻ അവരുടെ കൈയിൽ ആയിരുന്നു. ലിവർപൂളിന് വേണ്ടി മുഹമ്മദ് സാലയും, ലൂയിസ് ഡയസും രണ്ട് ഗോളുകൾ നേടി. അലക്സിസ് മാക്, ഡൊമനിക് എന്നിവർ ഓരോ ഗോളുകൾ വീതവും നേടി.
മുൻ മാഞ്ചെസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ ഗാരി നെവിൽ മത്സരം നടന്ന് കൊണ്ടിരിക്കുന്ന സമയത്ത് തന്നെ ലിവർപൂളിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി സംസാരിച്ചിരുന്നു. ഫുട്ബോളിൽ താൻ കണ്ടതിൽ വെച്ച ഏറ്റവും മികച്ച ആദ്യ 35 മിനിറ്റുകളാണ് അത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ഗാരി നെവിൽ പറയുന്നത് ഇങ്ങനെ:
“ഈ മത്സരത്തിന്റെ ആദ്യ 35 മിനിറ്റുകൾ ആണ് ഈ സീസണിൽ ഞാൻ കണ്ടതിൽ വെച്ചുള്ള ഏറ്റവും മികച്ച നിമിഷങ്ങൾ. ശെരിക്കും കോരിത്തരിച്ചു” ഗാരി നെവിൽ പറഞ്ഞു.